ഹാട്രിക് പിയാസ്ട്രി
Tuesday, May 6, 2025 12:52 AM IST
മയാമി: ഫോര്‍മുല വണ്‍ 2025 സീസണ് കാറോട്ടത്തില്‍ ഹാട്രിക് ജയവുമായി മക്ലാരന്റെ ഓസ്ട്രേലിയന്‍ ഡ്രൈവര്‍ ഓസ്കര് പിയാസ്ട്രി.
മയാമി ഗ്രാന്‍പ്രീയിലും ജയം സ്വന്തമാക്കിയതോടെയാണ് സീസണില്‍ പിയാസ്ട്രി ഹാട്രിക് ജയം പൂര്‍ത്തിയാക്കിയത്. മയാമിക്കു മുമ്പ് അരങ്ങേറിയ ബെഹറിന്, സൗദി അറേബ്യ ഗ്രാന്‍പ്രീകളിലും പിയാസ്ട്രിയായിരുന്നു ചാമ്പ്യന്‍.
മയാമി ഗ്രാന്‍പ്രീയില്‍ പോള്‍പൊസിഷനില്‍ മത്സരം ആരംഭിച്ച, നിലവിലെ ചാമ്പ്യനായ റെഡ് ബുള്ളിന്റെ മാക്സ് വെര്‍സ്റ്റപ്പനു നാലാം സ്ഥാനത്തു ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. പിയാസ്ട്രിയുടെ മക്ലാരനിലെ സഹഡ്രൈവര്‍ ലാന്‍ഡോ നോറിസ് രണ്ടാമതും മെഴ്സിഡസിന്റെ ജോര്‍ജ് റസല്‍ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
2025 എഫ് വണ്‍ സീസണില്‍ പിയാസ്ട്രിയുടെ നാലാം ജയമാണ്. ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ 131 പോയിന്റിലെത്തി, രണ്ടാമതുള്ള ലാന്‍ഡോ നോറിസുമായുള്ള (115) വ്യത്യാസം വര്‍ധിപ്പിക്കാനും പിയാസ്ട്രിക്കു സാധിച്ചു. മാക്സ് വെര്‍സ്റ്റപ്പനാണ് (99) മൂന്നാം സ്ഥാനത്ത്.