സ്വര്‍ണാഭരണ നിര്‍മാണ കേന്ദ്രങ്ങള്‍ക്ക് നോട്ടീസ്
Sunday, September 15, 2019 12:19 AM IST
കോഴിക്കോട്: സ്വര്‍ണാഭരണ നിര്‍മാണശാലകളില്‍ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് ഫയര്‍ഫോഴ്സിന്റെ കണ്ടെത്തൽ. ഏതാനും ചില ആഭരണ നിര്‍മാണ ശാലകളില്‍ മാത്രമാണ് തീയണയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കിയിട്ടുള്ളതെന്നും ഭൂരിപക്ഷം ആഭരണ നിര്‍മാണശാലകളും അപകടകരമായ വിധത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് ഫയര്‍ഫോഴ്സിന്റെ കണ്ടെത്തൽ.
നിലവിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് ഫയര്‍ഫോഴ്സ് നടപടികള്‍ ആരംഭിച്ചു. പ്രധാന നഗരങ്ങളിലേയും തിരക്കേറിയ സ്ഥലങ്ങളിലേയും ആഭരണ നിര്‍മാണ ശാലകള്‍ക്ക് സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നല്‍കാനാണ് തീരുമാനം.
കോഴിക്കോട്ട് ചിലതിന് ഇതിനകം നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ബീച്ച് ഫയര്‍ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ പാനോത്ത് അജിത്കുമാര്‍ ‘ദീപിക’യോട് പറഞ്ഞു. ആഭരണനിര്മാണശാലകളില് സ്വര്‍ണം ഉരുക്കാനും മറ്റും ചെറിയ ഗ്യാസ് സിലണ്ടറാണ് ഉപയോഗിക്കുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള നിര്‍മാണത്തിനിടെ തീപൊരിയില്‍നിന്ന് തീപടരുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. തീയണയ്ക്കാനുള്ള സംവിധാനം നിര്‍മാണ ശാലകളില്‍ വേണമെന്നാണ് നിര്‍ദേശം.