വാളയാർ: മുഖ്യമന്ത്രി വീട് സന്ദർശിക്കണമെന്ന് ചെന്നിത്തല
Saturday, November 9, 2019 1:25 AM IST
വാളയാർ: മുഖ്യമന്ത്രി പിണറായി വിജയൻ വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട പെണ്‍കുട്ടികളുടെ വീട് സന്ദർശിക്കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇന്നലെ രാവിലെ വാളയാർ അട്ടപ്പള്ളത്തെ പെണ്‍കുട്ടികളുടെ വീട് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ വിചാരിച്ചാൽ കേസ് സിബിഐക്കു വിടാവുന്നതേയുള്ളു. പറ്റില്ലെന്നു മുഖ്യമന്ത്രി പറയുന്നതു കളവാണ്. സർക്കാർ പ്രതികൾക്കൊപ്പമാണ് നിലകൊള്ളുന്നത്.
ഇളയ പെണ്‍കുട്ടിയുടെ മരണത്തിലെ കൊലപാതക സാധ്യത അന്വേഷണവിധേയമാക്കണം. കൊലപാതകങ്ങൾ അന്വേഷിക്കാത്ത സാഹചര്യത്തിൽ ഈ കേസിൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ച് വീണ്ടും കേസെടുക്കാൻ കഴിയും. എന്നാൽ പെണ്‍കുട്ടികളുടെ കുടുംബത്തോടു കേസിനു പോകാനാണ് മുഖ്യമന്ത്രി പറഞ്ഞത്. അതും പാവങ്ങളായ ദളിത് കുടുംബത്തെ തിരുവനന്തപുരത്തു വിളിച്ചുവരുത്തി കഷ്ടപ്പെടുത്തുകയായിരുന്നു. കേസിൽ പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നു ഗുരുതരവീഴ്ചയാണ് ഉണ്ടായത്. ഉന്നത രാഷ്ട്രീയ ഇടപെടലുകളും ഉണ്ടായി. ഇതും പ്രതികളെ വെറുതെ വിടാൻ സഹായിച്ചു. ഏതു തെറ്റിനും ഈ സർക്കാർ ഒപ്പമുണ്ടെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
സംസ്ഥാന മഹിളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിൽ അട്ടപ്പള്ളത്തു നടത്തിയ മാനിഷാദ പ്രതിഷേധ ജ്വാല രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് അധ്യക്ഷത വഹിച്ചു.
അഡ്വ. ബിന്ദു കൃഷ്ണ, ഫാത്തിമ റോസ്ന, ദീപ്തി മേരി വർഗീസ്, കെ.എ. തുളസി, വി.കെ. ശ്രീകണ്ഠൻ എംപി, വി.എസ്. വിജയരാഘവൻ, സി.വി. ബാലചന്ദ്രൻ, അജയ് തറയിൽ തുടങ്ങിയവർ പ്രസംഗിച്ചു.