കെ. സുരേന്ദ്രനെതിരേ കേസെടുക്കാൻ കോടതി ഉത്തരവ്
Thursday, June 17, 2021 12:50 AM IST
കൽപ്പറ്റ: ജെആർപി മുൻ സംസ്ഥാന അധ്യക്ഷ സി.കെ. ജാനുവിനു കോഴ നൽകിയെന്ന ആരോപണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരേ കേസെടുക്കാൻ കൽപ്പറ്റ കോടതി ഉത്തരവ്.
കെ. സുരേന്ദ്രൻ രണ്ടു തവണകളായി 50 ലക്ഷം രൂപ സി.കെ. ജാനുവിനു കോഴ നൽകിയെന്നാണ് ആരോപണം. എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ. നവാസ് നൽകിയ ഹർജിയിലാണു കൽപ്പറ്റ മജിസ്ട്രേറ്റ് കോടതി ബത്തേരി പോലീസിനു നിർദേശം നൽകിയത്. ഇതുമായി ബന്ധപ്പെട്ട് ജൂണ്‍ മൂന്നിനു ഡിജിപിക്കു പരാതി നൽകിയെങ്കിലും തുടർ നടപടികളില്ലാതെ വന്നതോടെയാണു ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.
ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി) മുൻ സംസ്ഥാന അധ്യക്ഷകൂടിയായ ജാനുവിനെതിരെ കേസെടുക്കാനും കോടതി നിർദേശിച്ചു. ഐപിസി 171 ഇ, 171 എഫ് വകുപ്പുകൾ പ്രകാരം കേസെടുക്കാനാണ് ഉത്തരവ്.
ജാനുവിനു പണം നൽകിയതിനു തെളിവായി സുരേന്ദ്രനുമായുള്ള ഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖ കഴിഞ്ഞദിവസങ്ങളിൽ ജെആർപി ട്രഷറർ പ്രസീത പുറത്തുവിട്ടിരുന്നു.