മെഡിക്കൽ കോളജ് അധ്യാപകരോടു വഞ്ചനയെന്നു കെജിഎംസിടിഎ
Saturday, January 28, 2023 1:08 AM IST
തിരുവനന്തപുരം: മെഡിക്കൽ കോളജ് അധ്യാപകരോടു സംസ്ഥാന സർക്കാർ വഞ്ചന കാണിക്കുകയാണെന്നു കേരള ഗവണ്മെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ).
അധ്യാപകർക്കു 2016ൽ ലഭിക്കേണ്ട ശന്പളപരിഷ്കരണം 2020-ലാണു സർക്കാർ നൽകിയത്. 2016 ജനുവരി മുതലുള്ള അഞ്ചു വർഷത്തെ ശന്പള കുടിശികയും ഇതുവരെയും നൽകിയിട്ടില്ലെന്നും കെജിഎംസിടിഎ ഭാരവാഹികൾ പറഞ്ഞു.
മെഡിക്കൽ കോളജ് അധ്യാപകർക്കു യുജിസി ഒരു വിധത്തിലുമുള്ള ഗ്രാന്റോ ശന്പള കുടിശികയ്ക്കു കേന്ദ്രവിഹിതമോ നൽകുന്നില്ല. സർക്കാരിന്റെ കെടുകാര്യസ്ഥതകൊണ്ട് യുജിസി അധ്യാപകരുടെ കേന്ദ്രവിഹിതം നഷ്ടപെട്ട കാരണം പറഞ്ഞു മെഡിക്കൽ കോളജ് അധ്യാപകർക്ക് അർഹമായ അഞ്ചു വർഷത്തെ ശന്പള കുടിശിക നിഷേധിക്കുന്ന വഞ്ചനാപരമായ ഉത്തരവ് ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുകയാണ്. അതേസമയം എൻട്രി കേഡറിലുള്ള മെഡിക്കൽ കോളജ് അധ്യാപകർക്ക് ആർസിസി, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് പോലുളള സ്ഥാപനങ്ങളിൽ ലഭിക്കുന്നതിനേക്കാൾ വളരെക്കുറവ് ശന്പളമാണു നൽകുന്നത്.
ആർസിസിയിൽ ശന്പളം നിശ്ചയിക്കുന്നതു സംസ്ഥാന സർക്കാരാണ്. അതു പരിഹരിക്കാൻ ഇതുവരെയും നടപടികൾ ഉണ്ടായിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു. മെഡിക്കൽ കോളജ് അധ്യാപകർക്ക് അർഹമായ ശന്പള കുടിശികയും ക്ഷാമബത്തയും നൽകണം.
എൻട്രി കേഡറിലുള്ള ശന്പളത്തിലെ അപാകതകൾ പരിഹരിക്കുന്നതിനോടൊപ്പം വ്യക്തമായ ജോലിസമയം നിർവചിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. നിർമൽ ഭാസ്കറും ജനറൽ സെക്രട്ടറി ഡോ. അരവിന്ദ് സിഎസും അറിയിച്ചു.