കേരളീയം പരിപാടിക്ക് ട്രഷറി നിയന്ത്രണത്തിൽ ഇളവ്
Saturday, September 23, 2023 2:19 AM IST
തിരുവനന്തപുരം: കേരളപ്പിറവി ദിനമായ നവംബർ ഒന്നുമുതൽ ഒരാഴ്ച ‘കേരളീയം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന മലയാളത്തിന്റെ മഹോത്സവ പരിപാടിക്ക് ട്രഷറി നിയന്ത്രണത്തിൽ ഇളവ്.
ഇതിന്റെ ഭാഗമായി നിയമസഭയിൽ നവംബർ ഒന്നു മുതൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന് അധിക ഫണ്ട് ഇനത്തിൽ രണ്ടു കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. നിയമസഭ സംഘടിപ്പിക്കുന്ന പുസ്തകോത്സവം രണ്ടാമത് എഡിഷന് ധനമന്ത്രിയുടെ നിർദേശാനുസരണം ട്രഷറി നിയന്ത്രണത്തിൽ ഇളവു വരുത്തിയാണു തുക അനുവദിച്ചത്.
സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ അഞ്ചു ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾ പാസാക്കേണ്ടതില്ലെന്ന നിർദേശം ഇപ്പോഴും നിലവിലുണ്ട്. സർക്കാർ നിർദേശത്തെ തുടർന്നു ട്രഷറികളിൽ അഞ്ചു ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾ പാസാക്കി നൽകുന്നില്ല. അല്ലാതെയുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം. പുസ്തകോത്സവത്തിന് എംഎൽഎമാരുടെ ഫണ്ടിൽ നിന്ന് അഞ്ചു ലക്ഷം രൂപ ചെലവഴിച്ചു പുസ്തകം വാങ്ങി ഗ്രന്ഥശാലകൾക്ക് നൽകുന്നതിന് അനുമതി നൽകുന്നതാണു പ്രധാനമായി പരിഗണനയിലുള്ളത്. കഴിഞ്ഞ വർഷം ഇതു മൂന്നു ലക്ഷം രൂപയായിരുന്നു.
തിരുവനന്തപുരം നഗരമാകെ പ്രദർശന വേദിയാകുന്ന പ്രതീതിയാണ് സൃഷ്ടിച്ചാണ് കേരളീയം പരിപാടി സംഘടി്പ്പിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നഗരത്തിൽ കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ കേരളീയവുമായി ബന്ധപ്പെട്ട പരിപാടികൾ അരങ്ങേറും. പ്രമുഖ ചിന്തകരും വിദഗ്ധരും പങ്കെടുക്കുന്ന രാജ്യാന്തര സെമിനാറുകളും സംഘടിപ്പിക്കും.