ഇറേനിയൻ ജനതയ്ക്ക് ഇസ്രയേലിന്റെ മുന്നറിയിപ്പ്; ആയുധ ഫാക്ടറികൾക്കു സമീപമുള്ളവർ ഒഴിഞ്ഞുപോകണം
Monday, June 16, 2025 3:26 AM IST
ടെൽ അവീവ്: ഇറാനിലെ ആയുധ ഉത്പാദന കേന്ദ്രങ്ങൾക്കു സമീപമുള്ളവർ ഉടൻ ഒഴിഞ്ഞുപോകണമെന്ന് ഇസ്രേലി സേനയുടെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ ആയുധ ഫാക്ടറികൾ ലക്ഷ്യമിട്ട് കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്നാണ് ഇസ്രയേൽ സൂചിപ്പിച്ചത്.
ആയുധ ഉത്പാദന കേന്ദ്രങ്ങൾക്കും ഈ ഉപത്പാദന കേന്ദ്രങ്ങളോട് അനുബന്ധിച്ചുള്ള സ്ഥാപനങ്ങൾക്കും സമീപമുള്ളവർ ഉടൻ ഒഴിഞ്ഞുപോകേണ്ടതാണ്ടതാണെന്ന് ഇസ്രേലി സേനയുടെ അറബി വക്താവ് കേണൽ അവിച്ചായി അദ്രായി പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു. അടുത്ത അറിയിപ്പുണ്ടാകുന്നതുവരെ ആരും തിരിച്ചുവരരുത്. ആയുധ ഫാക്ടറികൾക്കു സമീപം തുടരുന്നവരുടെ ജീവൻ അപകടത്തിലാകുമെന്നും അറിയിപ്പിൽ പറയുന്നു.
ഇറാന്റെ ആണവ ആയുധ കേന്ദ്രങ്ങളിൽ ആക്രമണം തുടരുമെന്നും ഇറേനിയൻ പാന്പിന്റെ തോലുരിക്കുമെന്നും ഇസ്രേലി പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് പ്രസ്താവനയിൽ പറഞ്ഞു.
ജനങ്ങൾക്കു മോസ്കിലും സ്കൂളിലും അഭയം തേടാം: ഇറാൻ
ടെഹ്റാൻ: ഇസ്രേലി ആക്രമണം നടക്കുന്പോൾ ജനങ്ങൾക്ക് മോസ്കുകൾ, സ്കൂളുകൾ, ഭൂഗർഭ യാത്രാ സ്റ്റേഷനുകൾ എന്നിവടങ്ങളിൽ അഭയം തേടാവുന്നതാണെന്ന് ഇറാൻ അറിയിച്ചു. ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവ ആവശ്യമായ അളവിൽ ലഭിക്കുമെന്നും ഇറേനിയൻ സർക്കാർ വക്താവ് ഫാത്തിമ മൊഹ്ജരാനി പറഞ്ഞു.