എർദോഗനും പസെഷ്കിയാനും ഫോണിൽ ചർച്ച നടത്തി
Monday, June 16, 2025 3:26 AM IST
ടെഹ്റാൻ: ഇസ്രേലി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാനും തുർക്കി പ്രസിഡന്റ് എർദോഗനും ഫോണിൽ ചർച്ച നടത്തി.
മുസ്ലിം രാജ്യങ്ങൾക്കിടയിൽ ഐക്യമുണ്ടായാൽ ഇസ്രേലി പദ്ധതികളെ തകർക്കാനാകുമെന്ന് എർദോഗനോട് പസെഷ്കിയാൻ പറഞ്ഞു. പശ്ചിമേഷ്യയുടെ സമാധാനത്തിനും വികസനത്തിനുമായി ഇസ്ലാമിക രാജ്യങ്ങൾ പ്രതിരോധ ശേഷി വർധിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ഇസ്രേലി ആക്രമണത്തെ അപലപിച്ച എർദോഗൻ, ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പശ്ചിമേഷ്യയിൽ തീപടർത്താൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു.
ഇറാന്റെ ആണവപദ്ധതികൾ സംബന്ധിച്ച വിഷയത്തിൽ നയതന്ത്രതലത്തിൽ പരിഹാരം കാണുന്നതിനെ തുർക്കി പിന്തുണയ്ക്കുന്നതായും എർദോഗൻ കൂട്ടിച്ചേർത്തു.