എൻവിഡിയ ഒന്നാമത്
Thursday, June 5, 2025 2:32 AM IST
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും മൂല്യമുള്ള കന്പനിയെന്ന നേട്ടം തിരിച്ചുപിടിച്ച് എൻവിഡിയ. വിപണി മൂലധനത്തിൽ മൈക്രോസോഫ്റ്റിനെ മറികടന്നാണ് എൻവിഡിയ ഈ നേട്ടം സ്വന്തമാക്കിയത്.
എൻവിഡിയയുടെ വിപണി മൂല്യം 3.45 ലക്ഷം കോടി ഡോളറിലെത്തി. 3.44 ലക്ഷം കോടി ഡോളറാണ് മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം. ജനുവരി 24ന് ശേഷം ആദ്യമായാണ് എൻവിഡിയ ഈ നേട്ടം സ്വന്തമാക്കുന്നത്.
എഐ ചിപ്പ് കന്പനിയുടെ ഓഹരി ചൊവ്വാഴ്ച 3 ശതമാനം ഉയർന്ന് 141.40 ഡോളറിലെത്തി.
കയറ്റുമതി നിയന്ത്രണങ്ങളും താരിഫ് പ്രശ്നങ്ങളും പോലുള്ള വെല്ലുവിളികൾക്കിടയിലും, എൻവിഡിയ അതിന്റെ ശക്തമായ വളർച്ചാ വേഗത തുടർന്നു.
ഓപ്പണ്‍എഐ ഉൾപ്പെടെയുള്ള ടെക് ഭീമന്മാർ വ്യാപകമായി ഉപയോഗിക്കുന്ന എഐ ചിപ്പുകൾക്കായുള്ള നിരന്തരമായ ആവശ്യമാണ് എൻവിഡിയയുടെ ദ്രുതഗതിയിലുള്ള കുതിച്ചുചാട്ടത്തിന് കരുത്തേകുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം കന്പനിയുടെ ഓഹരികൾ ഏകദേശം 24 ശതമാനമാണ് ഉയർന്നത്.
ഏറ്റവും പുതിയ ത്രൈമാസ ഫലങ്ങളിൽ, കന്പനിയുടെ വരുമാനത്തിൽ 69% വർധനവ് രേഖപ്പെടുത്തി. 44.06 ബില്യണ്‍ ഡോളറിലെത്തി. കൂടാതെ പ്രതി-ഓഹരി വരുമാനം (ഇപിഎസ്) 0.96 ഡോളറിലെത്തി. ഇത് വിപണി വിദഗ്ധരുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചു.
ചിപ്പ് കയറ്റുമതിയിൽ, പ്രത്യേകിച്ച് ചൈനയിലേക്ക് യുഎസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എൻവിഡിയയുടെ വേഗത്തിലുള്ള വരുമാന വളർച്ചയെ തടസപ്പെടുത്തുമോ എന്നതിനെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകൾ ലഘൂകരിക്കാൻ അതിന്റെ വരുമാന റിപ്പോർട്ട് സഹായിച്ചു.
2023ന്റെ പകുതി മുതൽ ടിം കുക്കിന്റെ ആപ്പിളിനോടും സത്യ നാദെല സിഇഒ ആയ മൈക്രോസോഫ്റ്റിനോടും വിപണി മൂലധന റാങ്കിംഗിലെ ഒന്നാം സ്ഥാനത്തിനായി എൻവിഡിയ കടുത്ത മത്സരമാണ് കാഴ്ചവയ്ക്കുന്നത്. 3.04 ലക്ഷം കോടി ഡോളറാണ് ആപ്പിളിന്റെ വിപണി മൂല്യം.
വിപണി വിപുലീകരണം
കഴിഞ്ഞ പാദത്തിൽ എൻവിഡിയയുടെ വരുമാനത്തിന്റെ 13% ചൈനയുടേതാണ്. യുഎസ്-ചൈന താരിഫ് സംഘർഷങ്ങൾ ഇപ്പോഴും ആശങ്ക ഉയർത്തുന്നു. എന്നാൽ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമീപകാല നയതന്ത്ര സന്ദർശന വേളയിൽ മിഡിൽ ഈസ്റ്റേണ്‍ രാജ്യങ്ങളുമായി തന്ത്രപരമായ വിതരണ കരാറുകളിൽ ഏർപ്പെട്ടുകൊണ്ട് കന്പനി അതിന്റെ വിപണി വൈവിധ്യവൽക്കരിച്ചു.
ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി മുതൽ മൈക്രോസോഫ്റ്റ്, മെറ്റ, ഗൂഗിൾ, ആമസോണ്‍, ഒറാക്കിൾ, ഇലോണ്‍ മസ്കിന്റെ എക്സ്എഐ തുടങ്ങിയവയിലെ പ്രധാന എഐ ഘടകങ്ങളുടെ ഒഴിച്ചു കൂടാനാവാത്ത ഭാഗമായ ചിപ്പുകൾ വിതരണം ചെയ്യുന്നത് എൻവിഡിയ ആണ്.