ചിലർ ഭക്ഷണവിതരണത്തിന്റെ പേരിൽ പണപ്പിരിവ് നടത്തുന്നുവെന്ന് മുഹമ്മദ് റിയാസ്
Sunday, August 4, 2024 12:03 PM IST
കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ ഭക്ഷണം വിതരണം ചെയ്യുന്നതിന് ചിലർ പണപ്പിരിവ് നടത്തുന്നൂവെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇത്തരത്തിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മഹാഭൂരിപക്ഷം ആത്മാർഥമായി ഇടപെടുമ്പോൾ ചെറുന്യൂനപക്ഷം ഇത്തരമൊരു പോരായ്മ വരുത്തുന്നത് പ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷണം വളരെ മാന്യമായി പാകം ചെയ്ത് നൽകുന്നുണ്ട്. എന്നാൽ രക്ഷാദൗത്യത്തിലുള്ള ചില ആളുകൾക്ക് ഭക്ഷണം കഴിച്ച് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം ശ്രദ്ധയിൽപ്പെടുത്തി. അതിനാൽ ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്തണം.
ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നുണ്ട്. ഭക്ഷണം വിതരണം ചെയ്യുന്ന വോളണ്ടിയർമാർ അനാവശ്യവിവാദം ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇതുവരെ ഭക്ഷണം നൽകിയവരുടെ സേവനം വളരെ വലുതാണ്. ഇത്തരം ആളുകളുടെ സഹായം നമുക്ക് വേണമെന്നും റിയാസ് കൂട്ടിച്ചേർത്തു.