എഐ കാമറ തകര്‍ത്തു; വാഹനം നിര്‍ത്താതെ പോയത് മനഃപൂര്‍വമെന്ന് സംശയം
Friday, June 9, 2023 10:29 AM IST
പാലക്കാട്: വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ച എഐ കാമറ വാഹനമിടിച്ചു തകര്‍ന്നു. രാത്രി 11ന് ആണ് സംഭവം. അജ്ഞാത വാഹനമിടിച്ച് കാമറ സ്ഥാപിച്ച പോസ്റ്റ് മറിഞ്ഞുവീഴുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.
വാഹനം മനഃപൂര്‍വം കാമറയുള്ള പോസ്റ്റില്‍ ഇടിപ്പിച്ചതാണെന്ന് പോലീസ് സംശയിക്കുന്നു. വാഹനത്തെ കുറിച്ച് സൂചന ലഭിച്ചതായി വടക്കഞ്ചേരി പോലീസ് അറിയിച്ചു.
അതിനിടെ, എഐ കാമറയുടെ പ്രവർത്തനങ്ങളിൽ നിരവധി പോരായ്മകൾ കണ്ടെത്തിയ സാഹചര്യത്തിൽ വെള്ളിയാഴ്ച അവലോകന യോഗം ചേരും. രാവിലെ 11ന് സെക്രട്ടേറിയറ്റിൽ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിലാണ് യോഗം.
എഐ കാമറയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ യോഗം വിലയിരുത്തും. മോട്ടോർ വാഹന വകുപ്പ്, റോഡ് സുരക്ഷാ അഥോറിറ്റി, കെൽട്രോണ്‍, നാഷണൽ ഇൻഫർമാറ്റിക് സെന്റർ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.
നേരത്തെ, മണിക്കൂറിൽ 1240 കിലോമീറ്റർ വേഗത്തിൽ ബൈക്ക് ഓടിച്ചതായി എഐ കാമറ കണ്ടെത്തിയത് ചർച്ചയായിരുന്നു. നന്പർ പ്ലേറ്റിൽ പതിച്ചിരിക്കുന്ന സ്ക്രൂ പൂജ്യമായും എഐ കാമറ കണക്കാക്കിയിരുന്നു.