യുവമോർച്ചാ നേതാവിന്റെ കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്ന് കോൺഗ്രസ്
Wednesday, February 8, 2023 1:28 PM IST
കണ്ണൂർ: യുവമോർച്ചാ നേതാവ് കെ.ടി. ജയകൃഷ്ണന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്. കണ്ണൂർ ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജാണ് ആവശ്യവുമായി രംഗത്തെത്തിയത്.
പോലീസ് അന്വേഷണം ഫലപ്രദമല്ലെന്നും ബിജെപിക്ക് കേസിൽ യാതൊരു അത്മാർഥതയില്ലെന്നും അദ്ദേഹം ആരോപിച്ചു. ജയകൃഷ്ണന്റെ കൊലപാതകം നേരിൽ കണ്ടതിന്റെ മാനസിക പ്രയാസം അനുഭവിക്കുന്നവർ ഇന്നുമുണ്ടെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടാൽ ഇവർക്ക് കോൺഗ്രസ് സൗജന്യ നിയമസഹായം നൽകുമെന്നും ഡിസിസി അധ്യക്ഷൻ അറിയിച്ചു.
1999 ഡിസംബർ ഒന്നിനാണ് പാനൂർ ഈസ്റ്റ് മൊകേരി യു.പി സ്കൂൾ അധ്യാപകനും യുവമോർച്ചാ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന ജയകൃഷ്ണനെ സിപിഎം പ്രവർത്തകർ വധിക്കുന്നത്. ക്ലാസ് എടുക്കുന്നതിനിടെ വിദ്യാർഥികളുടെ മുന്നിലിട്ടാണ് അക്രമി സംഘം അദ്ദേഹത്തെ കൊലപ്പെടുത്തിയത്.