കായംകുളം നഗരസഭയില്‍ ഉച്ചഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; കൗണ്‍സിലര്‍മാരടക്കം ചികിത്സ തേടി
Thursday, March 23, 2023 9:49 PM IST
ആലപ്പുഴ: കായംകുളം നഗരസഭയില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായതായി പരാതി. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ബുധനാഴ്ച നഗരസഭയുടെ ബജറ്റ് അവതരണത്തോടനുബന്ധിച്ച് വിതരണംചെയ്ത ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. കൗണ്‍സിലര്‍മാര്‍, നഗരസഭയിലെ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരാണ് ഭക്ഷണം കഴിച്ചത്.
ഇന്ന് രാവിലെയോടെ പലര്‍ക്കും ഛര്‍ദിയും വയറിളക്കവുമുണ്ടായി. ഇന്ന് നഗരസഭയിലെ ജീവനക്കാരില്‍ പകുതിയിലധികം പേരും അവധിയിലാണ്.
ഭക്ഷ്യസുരക്ഷാവിഭാഗം ഇവിടെയെത്തി പരിശോധന നടത്തി.