രാഷ്ട്രപതി ദേശീയ പതാക ഉയര്‍ത്തി: റിപ്പബ്ലിക് ദിനാഘോഷനിറവില്‍ ഡല്‍ഹി
Thursday, January 26, 2023 12:49 PM IST
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്ന ചടങ്ങുകളോടെ ഡല്‍ഹിയില്‍ 74-ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടന്നു. ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.
കര്‍ത്തവ്യപഥില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് 21 ഗണ്‍ സല്യൂട്ടോടെ പരേഡ് തുടങ്ങി. കര, നാവിക,വ്യോമ സേനകളുടെയും വിവിധ അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെയും മാര്‍ച്ച് നടന്നു. ഈജിപ്ത് സായുധ സേനയും ബാന്‍ഡ് സംഘവും പരേഡില്‍ പങ്കെടുത്തു.
സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങളും പിന്നാലെയെത്തി. വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടേതുമായി 17 പ്ലോട്ടുകളും വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടേതുമായി ആറ് പ്ലോട്ടുകളുമാണ് പരേഡില്‍ അണിനിരന്നത്. പ്ലോട്ടുകള്‍ ചെങ്കോട്ടവരെയെത്തി പൊതു ജനങ്ങള്‍ക്ക് കാണാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. 479 കലാകാരന്മാര് അവതരിപ്പിച്ച വര്‍ണാഭമായ സംഗീത നൃത്ത വിരുന്നും പരേഡിന്റെ ഭാഗമായി.
ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസിയായിരുന്നു വിശിഷ്ടാതിഥി. സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണത്തൊഴിലാളികള്‍, കര്‍ത്തവ്യപഥിലെ ശുചീകരണത്തൊഴിലാളികള്‍, റിക്ഷക്കാര്‍, പാല്, പച്ചക്കറി വില്‍പ്പനക്കാര്‍ തുടങ്ങിയ സാധാരണക്കാരായ ആളുകള്‍ക്ക് ചടങ്ങില്‍ പ്രത്യേക ക്ഷണമുണ്ടായിരുന്നു. കര്‍തവ്യപഥിലെ വിഐപി ഇരിപ്പിടങ്ങളിലിരുന്ന് ഇവര്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു.