കോപ്പിയടി ആരോപണം: റൊമാനിയൻ വിദ്യാഭ്യാസ മന്ത്രി രാജിവച്ചു
Saturday, October 1, 2022 5:36 AM IST
ബുക്കാറസ്റ്റ്: കോപ്പിയടി ആരോപണത്തെ തുടർന്ന് റൊമാനിയൻ വിദ്യാഭ്യാസ മന്ത്രി സോറിൻ സിംപിയാനു രാജിവച്ചു. സർവകലാശാല മുൻ റെക്ടർ ആയ സിംപിയാനു താൻ പഠിപ്പിച്ച കോഴ്സ് കോപ്പിയടിച്ചതാണെന്ന ആരോപണത്തെ തുടർന്നാണ് രാജിവച്ചത്. ആരോപണം നിഷേധിച്ച അദ്ദേഹം കോഴ്സ് ഏറ്റെടുത്തത് മറ്റു രചയിതാക്കളുടെ സമ്മതത്തോടെയാണെന്ന് പറഞ്ഞു.
2014 മുതൽ മൂന്ന് തവണ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് അഗ്രോണമിയിൽ പഠിപ്പിച്ച കോഴ്സിന്റെ 13 അധ്യായം കോപ്പിയടിച്ചതാണെന്നാണ് ആരോപണം. ഇടത് പ്രധാനമന്ത്രി വിക്ടർ പോണ്ട മന്ത്രിസഭയിലാണ് ആദ്യമായി ഇദ്ദേഹം വിദ്യാഭ്യാസ മന്ത്രിയാകുന്നത്. കോപ്പിയടി ആരോപണത്തെ തുടർന്ന് ഡോക്ടറേറ്റ് തിരിച്ചേൽപിച്ചയാളാണ് വിക്ടർ പോണ്ട.
റുമേനിയയിൽ നിരവധി മന്ത്രിമാർക്കും നിയമസാമാജികർക്കും ഉന്നതർക്കുമെതിരെ കോപ്പിയടി ആരോപണം ഉയർന്നിട്ടുണ്ട്.