ഖലിസ്ഥാൻ നേതാവ് അമൃതപാൽ സിംഗിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
Sunday, March 19, 2023 6:51 AM IST
ജലന്തർ: വാരിസ് പഞ്ചാബ് ദേ തലവൻ അമൃതപാൽ സിംഗ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ജലന്ധർ കമ്മീഷണർ കുൽദീപ് സിംഗ് ചാഹലാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ഖലിസ്ഥാന്‍ അനുകൂല വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗ് നിലവിൽ ഒളിവിലാണെന്നും കുൽദീപ് സിംഗ് ചാഹൽ അറിയിച്ചു.
ഇയാളുടെ രണ്ട് കാറുകൾ പിടിച്ചെടുത്തു. തോക്കുധാരികളായ അനുയായികളെ പിടികൂടി. ഇവരിൽ നിന്നും കണ്ടെത്തിയ തോക്കുകൾക്ക് ലൈസൻസുണ്ടോയെന്ന് എന്ന് ഞങ്ങൾ പരിശോധിച്ചു. പഞ്ചാബ് പോലീസ് അമൃത്പാൽ സിംഗിനായി തെരച്ചിൽ തുടരുകയാണ്. അദ്ദേഹം ഉടൻ അറസ്റ്റിലാകും. ഇതുവരെ 78 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, കൂടുതൽ തെരച്ചിലുകളും റെയ്ഡുകളും നടന്നുവരികയാണെന്നും ചാഹൽ പറഞ്ഞു.
ഏഴ് ജില്ലകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന, സംസ്ഥാന പോലീസിന്റെ പ്രത്യേക സംഘം ജലന്ധറിലെ ഷാഹ്കോട്ട് തഹ്സിലിലേക്കുള്ള യാത്രയിൽ അമൃത്പാൽ സിംഗിന്റെ വാഹനവ്യൂഹത്തെ പിന്തുടർന്നിരുന്നു. എന്നാൽ, ഇയാളെ പിടികൂടാനായില്ല.
അമൃത്പാൽ മോട്ടോർ സൈക്കിളിൽ അമിതവേഗതയിൽ പോകുന്നതാണ് അവസാനമായി കണ്ടതെന്നാണ് വിവരം. സംഘർഷ സാഹചര്യം കണക്കിലെടുത്ത് പഞ്ചാബിലെ വിവിധ ജില്ലകളില്‍ ഇന്റർനെറ്റ് വിച്ഛേദിച്ചു. അമൃത്പാലിന്റെ ജന്മനാടായ അമൃത്സറിലെ ജല്ലുപൂര്‍ ഖൈരയില്‍ പോലീസിനെയും, അർധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്.
മതമൗലിക നേതാവ് ദീപ് സിദ്ധു റോഡ് അപകടത്തില്‍ മരിച്ചതിന് ശേഷമാണ് അമൃത്പാല്‍ വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ തലപ്പത്ത് എത്തിയത്. ആയുധധാരികളായ സംഘത്തിനൊപ്പം സഞ്ചരിക്കുന്ന അമൃത്പാലിന്റെ പല നടപടികളും വിവാദത്തിന് കാരണമായിരുന്നു.
ഫെബ്രുവരി 23 ന് പഞ്ചാബില്‍ ഉണ്ടായ വന്‍ സംഘർഷവും ഇയാള്‍ ആസൂത്രണം ചെയ്തതെന്നാണ് ആരോപണം. ഒപ്പമുള്ള ലവ്പ്രീതി സിംഗിനെ അജ്നാന പോലീസ് പിടികൂടിയപ്പോള്‍ അമൃത്പാലിന്റെ അനുചരന്മാര് ആയുധവുമായി സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയിരുന്നു. തട്ടിക്കൊണ്ട് പോകല്‍ അടക്കമുള്ള കുറ്റങ്ങള്‍ ഇയാൾക്കെതിരെ നിലവില്‍ ഉണ്ട്.