കാബൂളിലെ പഠനകേന്ദ്രത്തിൽ സ്ഫോടനം: 19 പേർ മരിച്ചു
Friday, September 30, 2022 12:08 PM IST
കാബൂൾ: അഫ്ഗാനിസ്ഥാനിലെ പഠനകേന്ദ്രത്തിൽ നടന്ന ചാവേർ സ്ഫോടനത്തിൽ 19 വിദ്യാർഥികൾ കൊല്ലപ്പെട്ടു. 27 പേർക്ക് പരിക്കേറ്റു.
പടിഞ്ഞാറൻ കാബൂളിലെ ദശ്ത് ഇ ബർച്ചി മേഖലയിലാണ് ആക്രമണം നടന്നത്. ന്യൂനപക്ഷ വിഭാഗമായ ഹസാര വംശജർ അധിവസിക്കുന്ന മേഖലയിലെ പരീക്ഷാ പരിശീലനകേന്ദ്രത്തിൽ വെള്ളിയാഴ്ച രാവിലെയാണ് ചാവേർ സ്ഫോടനം നടത്തിയത്.
സ്ഫോടനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. പ്രദേശത്ത് സുരക്ഷാസേനയെ അണിനിരത്തിയതായി താലിബാൻ ഭരണകൂടം അറിയിച്ചു.
താലിബാൻ ഭരണത്തിൽ തിരച്ചെത്തിയ ശേഷം ഹസാര വിഭാഗത്തിനെതിരെ നടക്കുന്ന ആക്രമണ പരന്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. താലിബാനും ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികളും ഹസാര വിഭാഗത്തെ മതവിശ്വാസികളായി അംഗീകരിക്കാറില്ല.