ബിഹാര്‍ ഇന്ത്യയുടെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി മാറുന്നു; രാഹുല്‍ ഗാന്ധി
Tuesday, July 15, 2025 12:41 AM IST
ന്യൂഡല്‍ഹി: ബിഹാറിലെ ക്രമസമാധാന നിലയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി ബിഹാര്‍ മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്റെ സീറ്റ് സംരക്ഷിക്കുന്നതിന്റെയും ബിജെപി മന്ത്രിമാര്‍ കമ്മീഷനുകള്‍ ശേഖരിക്കുന്നതിന്റെ തിരക്കിലുമാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാറിനെ മാറ്റാന്‍ മാത്രമല്ല, സംസ്ഥാനത്തെ രക്ഷിക്കാനും വോട്ടുചെയ്യുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഈ മാസമാദ്യം പ്രമുഖ വ്യവസായി ഗോപാല്‍ ഖേംക പട്നയിലെ തന്റെ വസതിക്ക് മുന്പില് വെട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു. ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റുകയാണെന്ന് ഈ സംഭവം തെളിയിച്ചതായി രാഹുല്‍ പറഞ്ഞു.
11 ദിവസത്തിനുള്ളില്‍ 31കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. സംസ്ഥാനത്തെ ക്വട്ടേഷന്‍ കൊലപാതക വ്യവസായവും ചൂണ്ടിക്കാണിക്കുന്ന സ്ക്രീന്‍ ഷോട്ടുകള്‍ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എക്സില്‍ പങ്കുവച്ചു.