കള്ളപ്പണം വെളുപ്പിക്കല്‍; ഭൂപേഷ് ബഘേലിന്റെ മകന് അറസ്റ്റില്‍
Friday, July 18, 2025 4:41 PM IST
റായ്പുര്‍: കള്ളപ്പണം വെളുപ്പിക്കല്‍ക്കേസിൽ ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബഘേലിന്റെ മകനെ ഇഡി അറസ്റ്റ് ചെയ്തു. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് ചൈതന്യ ബഘേലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാവിലെ ഭൂപേഷ് ബഘേലിന്റെ ഭിലായിയിലെ വസതിയില്‍ ഇഡി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഭൂപേഷ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയില്‍ മുന്‍ എക്സൈസ് മന്ത്രി കവാസി ലഖ്മ ഉള്‍പ്പെടെ 70 പേരെ പ്രതിചേര്‍ത്ത് കേസ് എടുത്തിരുന്നു.
പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് ചൈതന്യയുടെ അറസ്റ്റിന് പിന്നാലെ ഭൂപേഷ് ബഘേല്‍ പ്രതികരിച്ചു.