സാധാരണ കമ്മ്യൂണിസ്റ്റ് രീതികളില്‍നിന്ന് വ്യത്യസ്തന്: സതീശന്
Tuesday, July 22, 2025 1:37 PM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന് അന്തിമോപചാരം അർപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സെക്രട്ടറിയേറ്റ് ദർബാർ ഹാളിലെത്തിയാണ് സതീശൻ അന്ത്യാഞ്ജലി അർപ്പിച്ചത്.
സാധാരണ കമ്മ്യൂണിസ്റ്റ് രീതികളില്‍നിന്ന് വ്യത്യസ്തനായിരുന്നു വിഎസെന്ന് സതീശന് പ്രതികരിച്ചു. മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരം ആയിരുന്നു അദ്ദേഹത്തിന്.
കലഹിക്കേണ്ട കാര്യങ്ങളില്‍ കലഹിച്ചു. സംസ്ഥാനത്തെ ഭൂമിപ്രശ്നങ്ങളില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചു. പാര്‍ട്ടിയുടെ സമ്മര്‍ദത്തിന് വഴങ്ങാതെ സ്വന്തം വഴിയിലൂടെ യാത്ര ചെയ്ത നേതാവാണെന്നും സതീശന് പറഞ്ഞു.
അതേസമയം ദർബാർ ഹാളിലെ വി.എസ്.അച്യുതാനന്ദന്റെ പൊതുദർശനം തുടരുകയാണ്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനപ്രതിനിധികളും ഇവിടെയെത്തി അന്തിമോപചാരം അർപ്പിച്ചു.
ഉച്ചയ്ക്ക് രണ്ട് വരെ ഇവിടെ പൊതുദർശനം തുടരും. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് തലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നത്.