ജനസാഗരത്തിന് നടുവിലൂടെ മടക്കം; വിപ്ലവാഭിവാദ്യങ്ങളുമായി അണികൾ
Tuesday, July 22, 2025 6:42 PM IST
തിരുവനന്തപുരം: തലസ്ഥാനത്തിന്റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി.എസ്.അച്യുതാനന്ദന് ആലപ്പുഴയിലേക്ക്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍നിന്ന് വി.എസിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്.
നിലവിൽ പട്ടം - കേശവദാസപുരം പിന്നിടുകയാണ് വിലാപയാത്ര. ഇവിടെ അര മണിക്കൂറിൽ കൂടുതലാണ് ചെലവഴിച്ചത്. ഉള്ളൂരിൽ വൻജനാവലിയാണ് വി.എസിനെ അവസാന നോക്കു കാണാൻ തടിച്ചുകൂടിയിരിക്കുന്നത്. വിലാപ യാത്ര നാലു മണിക്കൂർ കൊണ്ട് പിന്നിട്ടത് എട്ടു കിലോമീറ്റർ മാത്രമാണ്.
നിലവിലെ സ്ഥിതിയിൽ വിലാപയാത്ര തിരുവനന്തപുരം ജില്ല കടക്കാൻ അർധരാത്രിയാകും. ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞിരിക്കുന്ന ജനങ്ങൾക്കു നടുവിലൂടെ വളരെ മെല്ലെയാണ് വിലാപയാത്ര കടന്നുപോകുന്നത്. തിരുവനന്തപുരത്തുനിന്ന് കൊല്ലം നഗരത്തിലൂടെയാണ് വിലാപയാത്ര കടന്നു പോകുന്നത്.
ആദരാഞ്ജലികൾ അർപ്പിക്കാനുള്ള ജില്ലയിലെ ആദ്യത്തെ കേന്ദ്രം പാരിപ്പള്ളിയിലാണ്. കൊല്ലത്ത് എട്ട് ഇടങ്ങളിലൂടെയാണ് വിലാപയാത്ര കടന്നുപോവുക. ജില്ലയിലെ വിവിധ ഏരിയാ കമ്മിറ്റികൾക്ക് ഓരോ ഇടവും നിശ്ചയിച്ചു നൽകിയിട്ടുണ്ട്.
വഴിയിലുടനീളം ജനസാഗരം അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നതിനാല്‍ വിലാപയാത്ര രാത്രി ഏറെ വൈകിയാകും പുന്നപ്രയിലെത്തുക. പുന്നപ്രയിലെ വീട്ടില്‍നിന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വെക്കും.
തുടര്‍ന്ന് ആലപ്പുഴ പോലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. വൈകുന്നേരം മൂന്നിന് വലിയചുടുകാട്ടിലാണ് സംസ്കാരം.