വേടന് ഒളിവില്‍; അന്വേഷണം ശരിയായ ദിശയിലെന്ന് പോലീസ്
Wednesday, August 20, 2025 2:12 PM IST
കൊച്ചി: പീഡനക്കേസിൽ പ്രതിയായ റാപ്പര്‍ വേടന് ഒളിവിലാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. വേടന് പോലീസ് സംരക്ഷണം നല്‍കിയിട്ടില്ല. ലൊക്കേഷന്‍ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട്. കേസില്‍ അന്വേഷണം ശരിയായ രീതിയില്‍ തന്നെയാണ് നടക്കുന്നത്.
വേടന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ നിർദേശപ്രകാരമായിരിക്കും അടുത്ത നടപടികൾ. റാപ്പർക്കെതിരായ പുതിയ പരാതി പോലീസിന് ലഭിക്കുന്നതേയുള്ളൂ.
തെളിവുകൾ ശേഖരിച്ച് സാക്ഷികളെ കണ്ട് വിവരങ്ങൾ അന്വേഷിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ സജീവമായി നടക്കുന്നുണ്ട്. വേടൻ വിദേശത്തേക്ക് പോകുന്നത് തടയാനുള്ള നടപടി പോലീസ് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ ചൊവ്വാഴ്ച വാദംകേട്ട ഹൈക്കോടതി അറസ്റ്റ് താത്കാലികമായി തടഞ്ഞു. മുൻകൂർ ജാമ്യഹർജിയിൽ തീരുമാനമാകുംവരെ അറസ്റ്റ് പാടില്ലെന്നാണ് ഹൈക്കോടതിയുടെ നിർദേശം.