ജയിലിലായാൽ മന്ത്രിമാർ പുറത്ത്: ബില്ലിൽ അപാകതയില്ലെന്ന് ശശിതരൂർ
Wednesday, August 20, 2025 2:41 PM IST
ന്യൂഡൽഹി: മുപ്പതുദിവസം ജയിലിൽ കിടന്നാൽ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്ലിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശിതരൂർ. ബില്ലിൽ തനിക്ക് തെറ്റൊന്നും കാണാൻ കഴിയുന്നില്ല. ജെപിസിയിൽ ചർച്ച നടക്കട്ടെയെന്നും തരൂർ പറഞ്ഞു.
അതേസമയം പാർലമെന്റിൽ ബില്ലിനെതിരെ വൻ പ്രക്ഷേഭം നടക്കുകയാണ്. രാവിലെ ചേര്‍ന്ന ഇന്ത്യാ സഖ്യ യോഗം ബില്ലിനെ എതിര്‍ക്കാന്‍ തീരുമാനിച്ചിരുന്നു. പ്രതിഷേധം തുടരുന്നതിനാല്‍ ഉച്ചവരെ ബിൽ അവതരിപ്പിക്കാനായില്ല. സഭ പലകുറി പിരിയുകയും ചേരുകയും ചെയ്ത ശേഷം ഉച്ചകഴിഞ്ഞു രണ്ടിനാണ് ബിൽ അവതരിപ്പിക്കാനായത്.
പ്രതിപക്ഷ പ്രതിഷേധം മറികടന്ന് ബില്ലുമായി മുന്നോട്ട് പോവാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇത് പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാനുള്ള നീക്കമാണെന്നും വോട്ട് കൊള്ള പോലെ മറ്റൊരു അട്ടിമറിയാണെന്നും കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ പറഞ്ഞു.
മന്ത്രിമാര്‍ക്കെതിരെ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ബില്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം.