തടവുകാരന് മർദനമേറ്റു ; മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Tuesday, September 16, 2025 9:48 PM IST
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരന് ക്രൂര മർദനമേറ്റു. പത്തനംതിട്ട സ്വദേശി ബിജുവിനാണ് മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരൂർക്കട മാനസികരോഗ ആശുപത്രിയിലെ ജീവനക്കാരനാണ് ബിജു.
സഹപ്രവർത്തകയെ മർദിച്ച കേസിൽ ഇയാളെ കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. ജയിൽ ജീവനക്കാരാണോ തടവുകാരാണോ ഇയാളെ മർദിച്ചത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പതിമൂന്നാം തീയതിയാണ് ബിജു പൂജപ്പുര ജില്ലാ ജയിലിൽ എത്തിയത്.
കഴിഞ്ഞ ദിവസം ജയിൽ വളപ്പിലെ ഓടയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയെന്നാണ് ജയിൽ അധികൃതർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാരെ അറിയിച്ചത്. അതേസമയം ഇതു സംബന്ധിച്ച് ജയിൽ അധികൃതർ പോലീസിൽ രേഖാമൂലം പരാതി നൽകിയിട്ടില്ല.