പണം ആവശ്യപ്പെട്ട് ഭാര്യയെ കെട്ടിയിട്ട് മർദിച്ച് ഭർത്താവിന്റെ ക്രൂരത
Wednesday, September 17, 2025 12:23 AM IST
അമരാവതി: ആന്ധ്രാപ്രദേശിൽ ഭാര്യയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ച് ഭർത്താവ്. പ്രകാശം ജില്ലയിലാണ് സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഗുരുന്തം എന്നയാൾ ഭാര്യയെ കെട്ടിയിട്ട് ബെൽറ്റ് കൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്യുന്നതാണ് വീഡിയോയിൽ. യുവതി വേദനകൊണ്ട് നിലവിളിക്കുകയും പുളയുകയും ചെയ്യുന്നുണ്ടെങ്കിലും ഇയാൾ മർദനം അവസാനിപ്പിച്ചില്ല.
യുവതിയുടെ കരച്ചിൽകേട്ടെത്തിയ അയൽവാസികൾ ഇയാളെ തടയാൻ ശ്രമിച്ചുവെങ്കിലും ഗുരുന്തം മർദനം തുടർന്നു.
മൂന്ന് പെൺമക്കളും ഒരു മകനുമുള്ള യുവതി സമീപത്തെ ഒരു ബേക്കറിയിലെ ജീവനക്കാരിയാണ്. ഗുരുന്തം മറ്റൊരു സ്ത്രീക്കൊപ്പം ഹൈദരാബാദിലാണ് താമസം.
ഇയാൾ ഇടയ്ക്ക് ഇവരെ അന്വേഷിച്ചുവരുമെന്നും യുവതി ജോലി ചെയ്ത് സമ്പാദിക്കുന്ന പണം ആവശ്യപ്പെട്ട് ഇവരെ ക്രൂരമായി മർദിക്കാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.