നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ; കൂടുതൽ വിവാദമുണ്ടാക്കാനാണ് ചിലരുടെ ശ്രമം: സുരേഷ് ഗോപി
Wednesday, September 17, 2025 9:28 AM IST
തൃശൂർ: വയോധികന്റെ വീടിനു വേണ്ടിയുള്ള നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അത് ഉയർത്തിക്കാട്ടി കൂടുതൽ വിവാദമുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും കൊടുങ്ങല്ലൂരിൽ നടന്ന കലുങ്ക് ചർച്ചയിൽ അദ്ദേഹം വ്യക്തമാക്കി.
ചില കൈപ്പിഴകൾ ചൂണ്ടിക്കാട്ടി ഈ തീഗോളം കെടുത്താൻ ഒരുത്തനും വിചാരിക്കണ്ട, നടക്കില്ല. അതിനുള്ള ചങ്കുറപ്പ് ഭരത്ചന്ദ്രനുണ്ടെങ്കിൽ അത് സുരേഷ് ഗോപിക്കും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"കൊച്ചുവേലായുധൻ ചേട്ടന് വീട് കിട്ടിയതിൽ സന്തോഷം. നല്ലകാര്യം. ഇനിയും ഞാൻ വേലായുധൻ ചേട്ടൻമാരെ അങ്ങോട്ട് അയക്കും. പാർട്ടി തയാറെടുത്ത് ഇരുന്നോളൂ. ആർജവവും ചങ്കൂറ്റവും കാണിക്കണം. ഞാൻ ഒരു ലിസ്റ്റ് അങ്ങോട്ട് പുറത്തുവിടും. 14 ജില്ലയിലേക്കും ഞാൻ പോകും’ – സുരേഷ് ഗോപി പറഞ്ഞു.