"വീട്ടിൽ കുളിച്ചവർക്കുപോലും രോഗം; കപ്പിത്താൻ ഉണ്ടായിട്ട് കാര്യമില്ല, കപ്പൽ മുങ്ങി': രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം
Wednesday, September 17, 2025 1:34 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും ആരോഗ്യവകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം അതിവേഗം പടര്‍ന്നുപിടിക്കുകയാണെന്നും വീട്ടിൽ കുളിച്ചവര്‍ പോലും രോഗം വന്ന് മരിക്കുന്നുവെന്നും പ്രതിപക്ഷം നിയമസഭയിലെ അടിയന്തര പ്രമേയത്തിലെ ചര്‍ച്ചയിൽ കുറ്റപ്പെടുത്തി.
കപ്പിത്താൻ ഉണ്ടായിട്ട് കാര്യമില്ലെന്നും കപ്പൽ മുങ്ങിയെന്നും പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷ എംഎൽഎ എൻ. ഷംസുദ്ദീൻ പരിഹസിച്ചു. 100 ഓളം പേർക്ക് രോഗബാധ ഉണ്ടായി. അപൂര്‍വമായി മാത്രം ബാധിക്കുന്ന രോഗം കേരളത്തില്‍ പടര്‍ന്നു പിടിക്കുമ്പോള്‍ ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുകയാണ്. ശാസ്ത്രീയ വിശദീകരണം നൽകാൻ സർക്കാരിനാകുന്നില്ല. എങ്ങനെ പ്രതിരോധിക്കണമെന്ന് ആരോഗ്യവകുപ്പിന് അറിയില്ലെന്നും ഷംസുദീന്‍ കുറ്റപ്പെടുത്തി.
ആരോഗ്യവകുപ്പ് മരണനിരക്ക് പൂഴ്ത്തിവെക്കുകയാണ്. മാധ്യമങ്ങൾ വിഷയം ഉന്നയിച്ചപ്പോഴാണ് കണക്ക് പുറത്തുവിട്ടത്. പട്ടിക പരിഷ്കരിച്ചപ്പോള്‍ എണ്ണം 19 ആയി. ബാധിച്ചവരുടെ എണ്ണം 66 എന്നാണ് സര്‍ക്കാര്‍ കണക്ക്. വിവരങ്ങള്‍ മറച്ചുവച്ച് മേനി നടിക്കാനുളള ശ്രമമാണ് സര്‍ക്കാരും വകുപ്പും നടത്തുന്നത്. കേരളത്തിൽ മരണനിരക്ക് കുറവാണ് എന്നാണ് പറയുന്നത്. എന്നാൽ, രോഗ വ്യാപനം തടയാനാകുന്നില്ല.
ഉറവിടം കണ്ടെത്തി രോഗം തടയുന്നതില്‍ ആരോഗ്യവകുപ്പ് ദയനീയമായി പരാജയപ്പെട്ടു. കുളത്തില്‍ കുളിച്ചവര്ക്കാണു രോഗം വരുന്നതെന്നാണ് പറഞ്ഞത്. എന്നാല്‍ വീട്ടില്‍ കുളിച്ചവരും രോഗം വന്നു മരിച്ചു. പിറന്നു നാലു മാസമായ കുഞ്ഞും മരിച്ചു. നമ്പര്‍ വണ്‍ എന്നു പറയുമ്പോഴും പ്രതിസന്ധി നേരിടാന്‍ കഴിഞ്ഞില്ല.
നിപയിലും മസ്തിഷ്ക ജ്വരത്തിലും ആരോഗ്യവകുപ്പ് ഇരുട്ടിൽ തപ്പുകയാണ്. എന്നിട്ടും ആരോഗ്യ മന്ത്രി പലരെയും പഴി ചാരുകയാണ്. അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ടതല്ലാത്ത 2018ലെ റിപ്പോര്‍ട്ട് 2013ലേതാണെന്ന് പറഞ്ഞ് ഉമ്മൻചാണ്ടിയെ പഴിചാരി കെ.കെ. ശൈലജയെ അടിക്കാനുള്ള സൂത്രമാണ് ആരോഗ്യമന്ത്രി പ്രയോഗിച്ചത്. പരസ്പരം പഴിചാരി, തന്റെ കാലത്ത് എല്ലാം ശരിയാണെന്നു വരുത്തുകയാണോ മന്ത്രി ചെയ്യേണ്ടതെന്നും ഷംസുദീന്‍ ചോദിച്ചു.