മോദിയുടെ ജന്മദിനം: ആഘോഷം പള്ളിയില്‍ നടത്താനുള്ള ബിജെപി നീക്കത്തില്‍ പ്രതിഷേധം
Wednesday, September 17, 2025 2:47 PM IST
തൊടുപുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ബിജെപിയുടെ പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തില്‍ മുതലക്കോടം സെന്റ് ജോര്‍ജ് പള്ളിയില്‍ ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന ആഘോഷത്തിനെതിരെ പള്ളി കമ്മിറ്റിയും വിശ്വാസികളും രംഗത്തു വന്നതോടെ പരിപാടി ഉപേക്ഷിച്ച് സംഘാടകര്‍.
രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി പള്ളിയെ ഉപയോഗിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് വികാരി ഫാ.സെബാസ്റ്റ്യന്‍ ആരോരിച്ചാലില് , കൈക്കാരന്മാരായ പോള്‍ വര്‍ഗീസ്, കെ.പി.മാത്യു, ജോജോ ജോസഫ് എന്നിവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
നരേന്ദ്രമോദിയുടെ ജന്മദിനം പ്രമാണിച്ചു ന്യൂനപക്ഷ മോര്‍ച്ച ഇടുക്കി നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുര്‍ബാന അര്‍പ്പിച്ച് പാച്ചോറ് വിതരണവും കേക്ക് മുറിക്കലും ഇന്നു രാവിലെ നടത്തുമെന്നായിരുന്നു അറിയിപ്പ്.
ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് പി.പി. സാനു, ദേശിയ ന്യുനപക്ഷ മോര്‍ച്ച ഉപാധ്യക്ഷന്‍, നോബിള്‍ മാത്യു, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഡോ. ജോയ് കോയിക്കക്കുടി എന്നിവര്‍ ഉള്‍പ്പെടെ പങ്കെടുക്കുമെന്നും പറഞ്ഞിരുന്നു. ഇതിനായി മോദിയുടെയും നേതാക്കളുടെയും ചിത്രത്തോടൊപ്പം പള്ളിയുടെ ചിത്രവും ഉള്‍പ്പെടുത്തിയ പ്രചാരണ പോസ്റ്ററും പുറത്തിറക്കി. പള്ളി കമ്മിറ്റിയെ അറിയിക്കാതെയാണ് ബിജെപി ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
ഇതിനെതിരെയാണ് പള്ളി കമ്മിറ്റിയും വിശ്വാസികളും ശക്തമായി രംഗത്തെത്തിയിത്. ബിജെപി പ്രവര്‍ത്തകര്‍ രാവിലെ പള്ളിയില്‍ എത്തിയിരുന്നെങ്കിലും വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മെഴുകുതിരികള്‍ തെളിച്ച് മടങ്ങുകയായിരുന്നു.
സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു. ഇത്തരത്തില്‍ പരിപാടി സംഘടിപ്പിച്ചതില്‍ കോതമംഗലം രൂപതയ്ക്കും മുതലക്കോടം ഇടവകയ്ക്കും ബന്ധമില്ലെന്നും പള്ളിയുടെ ചിത്രം ഉപയോഗിച്ച് പോസ്റ്റര്‍ പുറത്തിറക്കിയതിനെ അപലപിക്കുന്നതായും വികാരി ഫാ. സെബാസ്റ്റ്യന്‍ ആരോരിച്ചാലില് അറിയിച്ചു.