ഭക്ഷണത്തിന് രുചിയില്ല; പോലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് മർദിച്ച് കൊലപ്പെടുത്തി
Wednesday, September 17, 2025 3:16 PM IST
സിധി: ഭക്ഷണത്തിന് രുചിയില്ലെന്ന് ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് ബേസ് ബോൾ ബാറ്റിന് മർദിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ സിധിയിലെ പോലീസ് ക്വാർട്ടേഴ്സിലാണ് സംഭവം നടന്നത്. മധ്യപ്രദേശ് പോലീസിലെ ഹെഡ് കോൺസ്റ്റബിൾ സവിത സാകേത് ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സവിതയുണ്ടാക്കിയ ഭക്ഷണം രുചികരമല്ലെന്ന് ആരോപിച്ച് ഭർത്താവ് വീരേന്ദ്ര സാകേത് ബേസ് ബോൾ ബാറ്റിന് മർദിച്ചത്. വീരേന്ദ്ര സാകേത് സവിതയുമായി ഇതേ ചൊല്ലി വഴക്കിടുന്നതിനിടയിൽ ഇവരുടെ മകൾ സഹായം അഭ്യർത്ഥിച്ച് അയൽവീട്ടുകാരെ സമീപിച്ചു.
ഇതേ തുടർന്ന് അയൽവാസികളും പെൺകുട്ടിയും വീട്ടിലെത്തുന്പോൾ മർദനത്തെ തുടർന്ന് രക്തത്തിൽ കുളിച്ച് കിടക്കുന്ന സവിതയെയാണ് കണ്ടത്. ഉടൻതന്നെ അയൽവാസികൾ പോലീസിൽ വിവരം അറിയിച്ചു.
പോലീസ് സ്ഥലത്തെത്തുന്പോഴേക്കും പ്രതി വീരേന്ദ്ര സാകേത് രക്ഷപ്പെട്ടിരുന്നു. സവിതയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സവിതയുടെ കുട്ടികൾക്ക് അടിയന്തര ധനസഹായമായി 1 ലക്ഷം രൂപ നൽകിയതായി റെവാ റേഞ്ച് ഡിഐജി ഹേമന്ത് ചൗഹൻ അറിയിച്ചു.
സംഭവ സ്ഥലത്ത് നിന്ന് പോലീസ് ആക്രമണത്തിന് ഉപയോഗിച്ച ബേസ് ബോൾ ബാറ്റ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സവിതയുടെ മൃതദേഹം സംസ്ഥാന ബഹുമതികളോടെ സംസ്കരിക്കും. പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കിയതായി മധ്യപ്രദേശ് പോലീസ് വ്യക്തമാക്കി.