മാർ ജേക്കബ് തൂങ്കുഴിയുടെ വിയോഗം കോട്ടയം അതിരൂപതയ്ക്കു വലിയ നഷ്ടമെന്ന് മാർ മാത്യു മൂലക്കാട്ട്
Wednesday, September 17, 2025 5:18 PM IST
കോട്ടയം: തന്റെ ജീവിതം മുഴുവൻ ദൈവജനത്തിനായി സമർപ്പിച്ച ആർച്ച്ബിഷപ് മാർ ജേക്കബ് തൂങ്കുഴിയുടെ വിയോഗം കോട്ടയം അതിരൂപതയ്ക്ക് വലിയ നഷ്ടമാണെന്ന് ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്.
കുടിയേറ്റ മേഖലയായ മാനന്തവാടി രൂപതയ്ക്ക് 22 വർഷവും പിന്നീട് താമരശേരി രൂപതയ്ക്കും തുടർന്ന് ഒരു പതിറ്റാണ്ടിലേറെ തൃശൂർ അതിരൂപതയ്ക്കും നേതൃത്വം നൽകിയ മാർ ജേക്കബ് തൂങ്കുഴി എക്കാലവും കോട്ടയം അതിരൂപതയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
തന്റെ പൗരോഹിത്യ ശുശ്രൂഷയെ സേവനംകൊണ്ടും സ്നേഹംകൊണ്ടും ലാളിത്യംകൊണ്ടും അന്വർഥമാക്കിയ പിതാവ് മെത്രാഭിഷേകത്തിന്റെ അൻപതാം വാർഷികം ആഘോഷിച്ചശേഷമാണ് ദൈവസന്നിധിയിലേക്ക് കടന്നുപോകുന്നത്.
സഭയുടെ നേതൃത്വത്തിലും പിതാവ് സജീവമായിരുന്നു. സിബിസിഐ വൈസ് പ്രസിഡന്റായി അദ്ദേഹം ആറുവർഷം പ്രവർത്തിച്ചു. കാരിത്താസ് ഇന്ത്യ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഞ്ഞൂറിലധികം സിസ്റ്റർമാരുമായി ഇന്ത്യയിലും വിദേശത്തും പ്രവർത്തിച്ചുവരുന്ന ക്രിസ്തുദാസിസമൂഹത്തിന്റെ സ്ഥാപകനുമാണ്. പിതാവിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നുവെന്നും മാർ മൂലക്കാട്ട് പ്രസ്താവനയിൽ പറഞ്ഞു.