കൊട്ടിയത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
Wednesday, September 17, 2025 7:16 PM IST
കൊല്ലം: കൊട്ടിയത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കളെ ഡാൻസാഫ് സംഘം പിടികൂടി. അയത്തിൽ സ്വദേശി അരുൺ മധു, പുന്തലത്താഴം സ്വദേശി ശരത് മോഹൻ എന്നിവരാണ് 11.78 ഗ്രാം നിരോധിത ലഹരി വസ്തുവുമായി പിടിയിലായത്.
ഇരുവരും മുഖത്തല, തൃക്കോവിൽവട്ടം പ്രദേശങ്ങളിലെ പ്രധാന ലഹരി ഇടപാടുകാരാണെന്ന് പോലീസ് വ്യക്തമാക്കി. 40,000 രൂപ വില വരുന്ന മയക്കുമരുന്നാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു.
പ്രതികൾക്ക് ലഹരി വസ്തു എത്തിച്ചുനൽകിയവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.