സിപിഎമ്മിന്റേത് ബിജെപിക്കും വർഗീയ ശക്തികൾക്കും ഇടംനൽകുന്ന പരിപാടി: വി.ഡി. സതീശൻ
Friday, September 26, 2025 2:34 PM IST
കണ്ണൂർ: കേരളത്തിൽ ബിജെപിക്കും വർഗീയ ശക്തികൾക്കും ഇടം നൽകുന്ന പരിപാടിയാണ് സിപിഎം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബിജെപി യാത്ര ചെയ്യുന്ന അതേ വഴിയിലൂടെയാണ് സിപിഎം യാത്ര ചെയ്യുന്നത്. ഈ വർഗീയ വാദത്തെ പൊളിച്ചു കാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്വേഷം പ്രസംഗിച്ചുകൊണ്ടിരിക്കുന്ന ആളുകളെ ആനയിച്ച് വേദിയിലേക്ക് കൊണ്ടുവന്നു. എന്ത് സന്ദേശമാണ് സിപിഎം കൊടുക്കാൻ ആഗ്രഹിക്കുന്നത്. ആരു വർഗീയത പറഞ്ഞാലും യുഡിഎഫ് എതിർക്കും. അതിന്റെ പേരിൽ എന്തു നഷ്ടം വന്നാലും സഹിക്കും. മതേതര മൂല്യങ്ങളെ താത്കാലിക ലാഭത്തിന് വേണ്ടി വിറ്റ് കാശാക്കില്ല.
മുഖ്യമന്ത്രി വേദിയിലിരിക്കുമ്പോൾ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ച് ഒരു മന്ത്രി കോൾമയിർ കൊള്ളുകയാണ്. യുഡിഎഫ് ഭരണകാലത്താണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ എന്താകുമായിരുന്നു കേരളത്തിൽ സിപിഎമ്മിന്റെ പ്രചാരണം. യോഗി ആദിത്യനാഥ് പിണറായി വിജയന് പറ്റിയ കൂട്ടുകാരനാണെന്നും സതീശൻ പറഞ്ഞു.
അയ്യപ്പ സംഗമം ഏഴുനിലയിൽ പൊട്ടിപ്പോയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുഡിഎഫ് മൂന്ന് പ്രധാനപ്പെട്ട ചോദ്യങ്ങൾ സർക്കാരിനോട് ചോദിച്ചു. പത്താം വർഷത്തിൽ പെട്ടന്ന് എവിടുന്നാണ് അയ്യപ്പഭക്തി ഉണ്ടായത് ? കോടതിയിൽ കൊടുത്ത സത്യവാങ്മൂലം തിരുത്താൻ തയാറാകുമോ ? നാമജപ ഘോഷയാത്രകൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുമോ ? പത്താമത്തെ വർഷം തെരഞ്ഞെടുപ്പ് വന്നപ്പോൾ ശബരിമല മാസ്റ്റർ പ്ലാനുമായി ഇറങ്ങിയിരിക്കുകയാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
എൻഎസ്എസുമായോ എസ്എൻഡിപിയുമോ യാതൊരു തർക്കവുമില്ല. സമദൂര സിദ്ധാന്തമാണ് അവരുടേതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എൻഎസ്എസുമായി യാതൊരു തെറ്റിദ്ധാരണയുമില്ല. എൻഎസ്എസ് അടക്കമുള്ള സമുദായ സംഘടനകൾക്ക് എന്തു തീരുമാനവും എടുക്കാം. അതിൽ പരാതിയില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.