വിഷ്ണു വിനോദിന് സെഞ്ചുറി; ഒമാനെ തകർത്ത് കേരളത്തിന് പരമ്പര
Friday, September 26, 2025 4:41 PM IST
മസ്കറ്റ്: വിഷ്ണു വിനോദിന്റെ സെഞ്ചുറി (101) കരുത്തിൽ ഒമാന്‍ ചെയര്മാന് ഇലവനുമായുള്ള മൂന്നാം ടി20യിൽ കേരളത്തിന് ജയം. നിർണായക മത്സരത്തിൽ ഒമാനെ 43 റണ്‍സിന് തോല്‍പ്പിച്ച് കേരളം പരമ്പര 2-1 സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. വിഷ്ണുവിനെ കൂടാതെ അന്‍ഫല്‍ (32) മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിങ്ങിൽ ഒമാന്‍ 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് മാത്രമാണ് നേടാനായത്.
ഓപ്പണര്‍മാരായ ജതീന്ദര്‍ സിങ്ങും (27) ആമിര്‍ കലീമും (25) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്കി. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീട് വന്നവർക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല.
ഹമ്മദ് മിര്‍സ (21), വിനായക് ശുക്ല (17) റണ്‍സും നേടി. അവസാന ഓവറുകളില്‍ സിക്രിയ ഇസ്ലാമിന്റെ (30) പ്രകടനമാണ് ഒമാന്റെ സ്കോർ 147ൽ എത്തിച്ചത്. കേരളത്തിന് വേണ്ടി അഖില്‍ സ്കറിയ നാലും പി.എസ്.ജെറിന് മൂന്ന് വിക്കറ്റും നേടി.
ഒമാനില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കേരളം തോറ്റിരുന്നു. പിന്നീട് രണ്ട് മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ചാണ് കേരള പരമ്പര നേടിയത്.