കൊല്ലത്ത് ഗോവ നിർമിത മദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ
Friday, October 3, 2025 1:59 AM IST
കൊല്ലം: 150 ലിറ്റർ ഗോവ നിർമിത മദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ. പട്ടത്താനം സ്വദേശി ഡാനി ജേക്കബ് ആണ് പിടിയിലായത്.
പൂജ, ഗാന്ധി ജയന്തി അവധിക്ക് അമിത വില ഈടാക്കി വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്ന മദ്യമാണ് പിടികൂടിയത്. കൂട്ടാളിക്കായി പോലീസ് തെരച്ചിൽ തുടങ്ങി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈസ്റ്റ് പോലീസ് ജേക്കബിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 150 ലിറ്റർ ഗോവ നിർമിത മദ്യം പിടികൂടിയത്.
ബിവറേജസ് അവധി ആയാൽ ആവശ്യക്കാർക്ക് പറയുന്നിടത്ത് മദ്യം എത്തിച്ചു നൽകുന്നതാണ് ജേക്കബിന്റെ രീതി. ഗോവയിൽ 140 രൂപ വില വരുന്ന മദ്യം 700 രൂപയ്ക്കായിരുന്നു ഇയാൾ വിൽപ്പന നടത്തിയിരുന്നത്.
വീടിന്റെ പല ഭാഗത്തായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. ജേക്കബിന് കൂടാതെ മറ്റു ചിലരും ഇതിൽ പങ്കാളികളാണെന്ന് പോലീസ് പറയുന്നു. ട്രെയിനിൽ കൊണ്ടുവരുന്ന മദ്യം ജേക്കബിന്റെ വീട്ടിലാണ് ഒളിപ്പിച്ചു വയ്ക്കാറുള്ളത്.
പോലീസ് എത്തുമെന്ന് മനസിലാകി കൂട്ടാളി ഒളിവിൽ പോയി. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.