ചങ്ങനാശേരി ദൃശ്യം മോഡൽ കൊലപാതകം: പ്രതി മുത്തുകുമാർ പിടിയിൽ
Sunday, October 2, 2022 12:36 PM IST
ആലപ്പുഴ: യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ട കേസിൽ പ്രതി മുത്തുകുമാർ പിടിയിൽ. കലവൂർ ഐടിസി കോളനിയിൽനിന്നാണ് ഇയാൾ പിടിയിലായത്. ആലപ്പുഴ നോർത്ത് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
കേസിൽ മറ്റ് രണ്ട് പേർക്ക് കൂടി പങ്കുണ്ടെന്നാണ് സൂചന. ഇവർ സംസ്ഥാനം വിട്ടതായി പോലീസ് പറയുന്നു.
ആലപ്പുഴ നഗരസഭ ആര്യാട് അവല്ലക്കുന്ന് കിഴക്കേവെളിയില്‍ പുരുഷന്റെ മകന് ബിന്ദുകുമാറി (ബിന്ദുമോന്-45)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചങ്ങനാ ശേരി പൂവം എസി കോളനിയിലുള്ള മുത്തുകുമാറിന്റെ വീടിനോടു ചേര്‍ന്നുള്ള ഷെഡ്ഡില്‍ കുഴിച്ചിട്ടനിലയിലായിരുന്നു മൃതദേഹം. ഷെഡ്ഡിന്റെ അടിത്തറമാന്തി മൃതദേഹം കുഴിച്ചിട്ടശേഷം പ്ലാസ്റ്റര്‍ ചെയ്തിരുന്നു.
കഴിഞ്ഞ 26മുതല്‍ ബിന്ദുകുമാറിനെ കാണാനില്ലെന്നു കാണിച്ച് അമ്മയും സഹോദരനും ചേര്‍ന്ന് ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയി രുന്നു. ഇതേക്കുറിച്ച് പോലീസ് അന്വേഷിച്ചുവരുന്നതിനിടയില്‍ ബിന്ദുകുമാറിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് വാകത്താനത്തിനു സമീപം തോട്ടില്‍ നിന്നും ക ണ്ടെത്തി.
ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു പോലീസ് നടത്തിയ പരിശോധനയില്‍ ബിന്ദുകുമാറിന്റെ ഫോണ്‍ ലൊക്കേഷന്‍ മുത്തുകുമാറിന്റെ പൂവത്തുള്ള വീടിന്റെ ഭാഗത്തു കണ്ടെത്തുകയും ചെയ്തിരുന്നു. ബിന്ദുകുമാര്‍ ഫോണില്‍ മുത്തുകുമാറിനെ വിളിച്ചതായും കോള്‍ രജിസ്റ്ററില്‍ കണ്ടെത്തി.
മുത്തുകുമാറിനെ കേന്ദ്രീകരിച്ച് ആലപ്പുഴ നോര്‍ത്ത് പോലീസ് അന്വേഷണം നടത്തുകയും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇയാള്‍ സ്റ്റേഷനില്‍ ഹാജരായില്ലെന്നുമാത്രമല്ല ഫോണ്‍ ഓഫാക്കുകയും ചെയ്തു. ഇതിനിടയില്‍ മുത്തുകുമാറിന്റെ വീട്ടില്‍ ചിലനിര്മാണ ജോലികള്‍ നടന്നതായുള്ള വിവരവും പോലീസിനു ലഭിച്ചു.
സംശയങ്ങളുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ നോര്‍ത്ത്, ചങ്ങനാശേരി സ്റ്റേഷനുകളില്‍നിന്നുള്ള പോലീസ് സംഘം വെള്ളിയാഴ്ച മുത്തുകുമാറിന്റെ വീട്ടിലെത്തി പരിശോധന നടത്തുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
ആലപ്പുഴയില്‍ വസ്തുബ്രോക്കറായ ബിന്ദുകുമാറും മേസ്തിരിപ്പണിക്കാരനായ മുത്തുകുമാറും കൃത്യംനടന്ന പൂവത്തുള്ള വീട്ടിലിരുന്നു മദ്യപിക്കുകയും തര്‍ക്ക മുണ്ടാകുകയും തുടര്‍ന്ന് മുത്തുകുമാര്‍ ബിന്ദുകുമാറിനെ കൊലപ്പെടുത്തി വീടിന്റെ അടിത്തറമാന്തി കുഴിച്ചുമൂടുകയുമായിരുന്നുവെന്നാണ് പോലീസ് നിഗമനം.