ചെന്നൈ: തമിഴ്നാട്ടില്‍ ക്ഷേത്രോത്സവത്തിനിടെ ക്രെയിന്‍ തകര്‍ന്നുവീണ് നാലുപേര്‍ മരിച്ചു. 10 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ആരക്കോണത്തിന് സമീപം നെമിലിയിലെ കില്‍വീഥി ഗ്രാമത്തില്‍ ദ്രൗപതി അമ്മന്‍ ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്.

കെ.മുത്തുകുമാര്‍ (31), ഭൂപാലന്‍ (40), ജ്യോതി ബാബു (19) എന്നിവരാണ് മരിച്ചത്. മരിച്ച നാലാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ ആരക്കോണം, തിരുവള്ളൂര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്.

ഞായറാഴ്ച രാത്രി 8.15 നാണ് അപകടമുണ്ടായത്. ഘോഷയാത്രയ്ക്കിടെ ക്രെയിന്‍ തകര്‍ന്നുവീഴുകയായിരുന്നു. അപകടം നടക്കുമ്പോള്‍ 1500 ഓളം പേര്‍ റോഡിലും ക്ഷേത്ര പരിസരത്തുമായി ഉണ്ടായിരുന്നു.

അപകടത്തെതുടര്‍ന്ന് ക്രെയിന്‍ ഓപ്പറേറ്ററെ കസ്റ്റഡിയിലെടുത്തു. ഘോഷയാത്രയില്‍ ക്രെയിന്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.