ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ആരോഗ്യമന്ത്രി
Monday, February 6, 2023 5:58 PM IST
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യജന്യ രോഗങ്ങളും ഭക്ഷ്യവിഷബാധയും ഏതൊരു വികസിത സമൂഹത്തിനും വെല്ലുവിളിയാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ ഡയറി വികസനം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകള്‍, പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവയ്ക്കും പങ്കുണ്ട്.
എന്നാല്‍, ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് മിക്കവാറും എല്ലാ നിയമപരമായ അധികാരങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരില്‍ നിക്ഷിപ്തമാണ്. അതിനാല്‍ അവരവരുടെ പ്രദേശത്ത് മികച്ച പ്രകടനം നടത്തുകയും മികവ് പുലര്‍ത്തുകയും വേണമെന്നും മന്ത്രി വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും 4.20 ലക്ഷം പേര് ഭക്ഷ്യജന്യ രോഗങ്ങള്‍ മൂലം മരണമടയുന്നു. പത്തിലൊരാള്‍ക്ക് ആഗോളതലത്തില്‍ ഭക്ഷ്യജന്യരോഗം ബാധിക്കുന്നുമുണ്ട്. ഇത് ഏതൊരു രാജ്യത്തിനും വെല്ലുവിളിയും ഭീഷണിയുമാണ്.
ഭക്ഷണത്തിന്റെ തെറ്റായ തെരഞ്ഞെടുപ്പ് അല്ലെങ്കില്‍ ഉപഭോഗം, രോഗാണുക്കള്‍ കലര്‍ന്ന ഭക്ഷണം, കീടനാശിനി അവശിഷ്ടങ്ങള്‍ തുടങ്ങിയവ കാരണം അനേകം സാംക്രമിക രോഗങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. മനുഷ്യരാശിയുടെ ആരോഗ്യകരമായ നിലനില്‍പ്പിന് ഭക്ഷ്യ സുരക്ഷ അത്യന്താപേക്ഷിതമാണെന്നും മന്ത്രി വ്യക്തമാക്കി.