ന്യൂഡൽഹി: അദാനിയുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ രാജ്യസഭാ രേഖകളിൽനിന്നു നീക്കി. ബുധനാഴ്ച ഖാർഗെ നടത്തിയ പ്രസംഗത്തിലെ മോദിക്കെതിരേയുള്ള പ്രധാന വിമർശനങ്ങളാണ് വ്യാഴാഴ്ച രാവിലെ സഭ സമ്മേളിച്ചപ്പോൾ അധ്യക്ഷൻ ജഗ്ദീപ് ധൻകർ നീക്കം ചെയ്തത്.

മോദി- അദാനി ബന്ധം ചൂണ്ടിക്കാട്ടിയുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ലോക്സഭ രേഖകളില്‍ നിന്ന് കഴിഞ്ഞ ദിവസം നീക്കിയിരുന്നു. രാഹുലിന്‍റെ പരാമർശങ്ങൾ നീക്കണമെന്നും കോണ്‍ഗ്രസ് നേതാവിനെതിരേ നടപടി വേണമെന്നും പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടതിനു പിന്നാലെയാണു സ്പീക്കറുടെ നടപടി.

അദാനിക്കു കേന്ദ്രം വഴിവിട്ടു കരാറുകളും സഹായങ്ങളും നൽകിയെന്ന് ആരോപിച്ച രാഹുൽ അദാനിയും മോദിയും തമ്മിലുള്ള ബന്ധമെന്താണെന്ന ചോദ്യവും ഉയർത്തിയിരുന്നു. അദാനി മഹാകുംഭകോണവുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധത്തെക്കുറിച്ചുള്ള രാഹുലിന്‍റെ പരാമർശങ്ങൾ നീക്കിയതിലൂടെ ജനാധിപത്യം കശാപ്പു ചെയ്യാനാണു ശ്രമമെന്ന് കോണ്‍ഗ്രസ് നേതാക്കൾ ആരോപിച്ചു.