ശിവശങ്കറിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഹസൻ
Thursday, February 16, 2023 7:17 PM IST
തിരുവനന്തപുരം: സ്വപ്ന സുരേഷിനു ജോലി നൽകണമെന്ന് ശിവശങ്കറിനോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതിന്റെ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഇക്കാര്യത്തിൽ മറുപടി നൽകണമെന്നു യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ.
ആത്മാഭിമാനമുണ്ടെങ്കിൽ ശിവശങ്കറിന്റെ വെളിപ്പെടുത്തലുകൾക്കു മറുപടി പറയേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ട്. സ്വപ്നയുടെ വെളിപ്പെടുത്തലുകളിൽ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് ഉറച്ച വിശ്വാസമുണ്ടെങ്കിൽ എന്തിനാണ് സിബിഐ അന്വേഷണത്തിനെതിരെ സുപ്രീം കോടതിയിൽ സർക്കാരിന്റെ ചെലവിൽ കേസിനെ എതിർത്തത്.
ആകാശ് തില്ലങ്കരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഷുഹൈബ് വധം സിബിഐ അന്വേഷിക്കണമെന്ന അദ്ദേഹത്തിന്റെ പിതാവിന്റെ ആവശ്യത്തിന് എന്തിനാണ് സർക്കാർ തടസം നിൽക്കുന്നത് എന്നും ഹസൻ ചോദിച്ചു.