യുഡിഎഫും ബിജെപിയും വിട്ടുനിന്നു; കോട്ടയം നഗരസഭയിലെ എൽഡിഎഫ് അവിശ്വാസം തള്ളി
Monday, February 20, 2023 12:51 PM IST
കോട്ടയം: നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനെതിരേ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ച പരാജയപ്പെട്ടു. യുഡിഎഫ്, ബിജെപി കൗൺസിലർമാർ വിട്ട് നിന്നതോടെയാണ് അവിശ്വാസ ചർച്ച നടത്താൻ ചേർന്ന കൗൺസിൽ യോഗം ക്വാറം തികയാതെ പിരിഞ്ഞത്.
52 അംഗ കൗൺസിലിൽ ക്വാറം തികയാൻ 27 അംഗങ്ങൾ ഹാജരാകണമായിരുന്നു. എന്നാൽ എൽഡിഎഫിന്റെ 22 അംഗങ്ങൾ മാത്രമാണ് യോഗത്തിന് എത്തിയിരുന്നത്.
യുഡിഎഫ് പിന്തുണയോടെയാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ച ബിൻസി സെബാസ്റ്റ്യൻ 2020-ൽ നഗരസഭാ അധ്യക്ഷയായത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എൽഡിഫിനേക്കാൾ ഒരു സീറ്റ് കുറവ് വന്നതോടെയാണ് യുഡിഎഫ് ബിൻസിയെ പിന്തുണച്ചത്. തുടർന്ന് നടന്ന അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികൾക്കും തുല്യ വോട്ട് ലഭിച്ചതോടെ നറുക്കെടുപ്പിലൂടെയായിരുന്നു ബിൻസിയുടെ വിജയം.
എൽഡിഎഫ്- 22, യുഡിഎഫ്- 21, ബിജെപി- എട്ട് എന്നതാണ് നിലവിലെ നില. കോൺഗ്രസ് കൗൺസിലർ ജിഷാ ഡെന്നിയുടെ മരണത്തോടെയാണ് യുഡിഎഫിന്റെ സീറ്റിൽ കുറവ് വന്നത്.