ബിബിസിയുടെ ഗൂഢലക്ഷ്യങ്ങൾ രാജ്യത്ത് അനുവദിക്കില്ലെന്ന് മുരളീധരന്
Friday, February 24, 2023 3:16 PM IST
കോഴിക്കോട്: ബിബിസി വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്. ഇന്ത്യയുടെ പരമോന്നത കോടതി തീര്‍പ്പ് കല്പിച്ച കാര്യങ്ങള്‍ ബിബിസി വീണ്ടും പറയുകയാണെന്നും ഇത്തരം ഗൂഢലക്ഷ്യങ്ങൾ രാജ്യത്ത് അനുവദിക്കില്ലെന്നും മുരളീധരന് പറഞ്ഞു.
ബിബിസിയെ ഒരു മഹത്തായ സ്ഥാപനമായി കാണേണ്ടതില്ല. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തും ഇവരെ രണ്ട് തവണ പുറത്താക്കിയിട്ടുണ്ട്. രാജ്യത്ത് ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാകാൻ പലരും ബിബിസിയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി 14നാണ് ബിബിസിയുടെ ഡൽഹി, മുംബൈ കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. അന്താരാഷ്ട്ര നികുതി, ആദായനികുതി ചട്ടങ്ങൾ ലംഘിച്ചു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു പരിശോധന.
ബിബിസി സംപ്രേഷണം ചെയ്ത "ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ 'എന്ന വിവാദ ഡോക്യുമെന്ററിക്ക് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയതിന് തൊട്ടുപിന്നാലെ നടന്ന പരിശോധന വിവാദമായിരുന്നു.