സത്യം ജയിച്ചു, വേട്ടയാടിയവരോട് ദൈവം പൊറുക്കട്ടെ: ആന്റണി രാജു
Friday, March 10, 2023 3:09 PM IST
തിരുവനന്തപുരം: രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാനാണ് തനിക്കെതിരെ കേസെടുത്തതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ചെന്ന കേസിലെ ആന്റണി രാജുവിനെതിരായ എഫ്ഐആര്‍ കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് പ്രതികരണം.
ഇതിന് പിന്നില്‍ രാഷ്ട്രീയ ഗുഢാലോചനയുണ്ടെന്ന് താന്‍ നേരത്തെ പറഞ്ഞതാണ്. താന്‍ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ച ഒരു മുന്‍മന്ത്രിയും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് നടത്തിയ ഗുഢാലോചനയുടെ ഭാഗമായുള്ള കേസാണിത്.
ഈ കള്ളക്കേസ് മൂലമാണ് 2006ല്‍ തന്റെ സ്ഥാനാര്‍ഥിത്വം നഷ്ടപ്പെട്ടതെന്നും മന്ത്രി ആരോപിച്ചു. മുമ്പ് യുഡിഎഫ് ഭരണകാലത്ത് നടത്തിയ അന്വേഷണത്തില്‍ താന്‍ നിരപരാധിയാണെന്ന് പോലീസ് റിപ്പോര്‍ട്ട് കൊടുത്തതാണ്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ വീണ്ടും കേസില്‍ കുടുക്കുകയായിരുന്നു.
ഇപ്പോള്‍ സത്യം ജയിച്ചു. കോടതി തന്റെ നിരപരാധിത്വം അംഗീകരിച്ചുകൊണ്ട് എഫ്ഐആര്‍ റദ്ദാക്കി. തന്നെ വേട്ടയാടിയവരോട് ദൈവം ക്ഷമിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.