മാപ്പ് പറയാതെ സഭയിൽ സംസാരിക്കാൻ രാഹുലിനെ അനുവദിക്കില്ലെന്ന് ബിജെപി
Friday, March 17, 2023 12:32 PM IST
ന്യൂഡൽഹി: ബഹളത്തെ തുടർന്ന് തുടർച്ചയായ രണ്ടാം ദിനവും പാർലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തെ കുറിച്ച് ലണ്ടനിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളെ തുടർന്നാണ് ബിജെപി അംഗങ്ങൾ ബഹളം വച്ചത്.
ക്രേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നടത്തിയ പരാമർശങ്ങളിൽ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കില്ലെന്നുമാണ് ബിജെപി നേതാക്കളുടെ നിലപാട്.
തനിക്കെതിരായ ആരോപണങ്ങൾക്ക് സഭക്കുള്ളിൽ മറുപടി പറയാമെന്നു രാഹുൽ ഗാന്ധി പറഞ്ഞെങ്കിലും മാപ്പ് പറയുന്നതുവരെ സംസാരിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി നേതാക്കൾ അറിയിച്ചു.
അദാനി-ഹിൻഡൻബെർഗ് തർക്കത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും പാർലമെന്റിൽ പ്രതിഷേധമുയർത്തി.