യുകെയിൽ ഇന്ത്യൻ പതാകയെ അപമാനിച്ച് ഖലിസ്ഥാൻ അനുകൂലികൾ
Monday, March 20, 2023 1:40 AM IST
ലണ്ടൻ: ഖലിസ്ഥാൻ അനുകൂലിയായ അമൃത്പാൽ സിംഗിനെതിരായ നടപടികളിൽ പ്രതിഷേധിച്ച ജനക്കൂട്ടം ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷന് ഓഫീസിന് മുന്പിൽ സ്ഥാപിച്ചിരുന്ന ദേശീയ പതാക അഴിച്ചുമാറ്റി. സംഭവമറിഞ്ഞയുടൻ കേന്ദ്ര സർക്കാർ ഡൽഹിയിലെ ബ്രിട്ടീഷ് വിദേശകാര്യവകുപ്പ് തലവനെ ഓഫീസിലേക്ക് വിളിപ്പിച്ച് ശക്തമായ പ്രതിഷേധമറിയിച്ചു.
വാരിസ് പഞ്ചാബ് ദേ തലവനായ അമൃത്പാൽ സിംഗിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് ലണ്ടനിൽ ഒരു സംഘം പ്രതിഷേധം നടത്തിയത്. ഇതിനിടെയാണ് ഹൈക്കമീഷൻ കെട്ടിടത്തിന്റെ മുകളിൽ കയറിയ ഒരാൾ ഇന്ത്യൻ പതാക അഴിച്ചുമാറ്റിയത്.
കനത്ത സുരക്ഷാവീഴ്ചയാണ് സംഭവിച്ചതെന്നും സംഭവത്തിൽ വിശദീകരണം നൽകാൻ യുകെ സർക്കാരിനോട് ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തി നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടു.