തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടർന്ന് നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കേണ്ടെന്നും തീരുമാനമായി. ഈ മാസം 30 വരെ സമ്മേളനം തുടരാനാണ് കാര്യോപദേശക സമിതി യോഗത്തിൽ തീരുമാനിച്ചത്.

അതേസമയം, പ്രതിപക്ഷവുമായി ഒരു ചര്‍ച്ചയ്ക്കും സ്പീക്കര്‍ തയാറായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി. സ്പീക്കറുടെ റൂളിംഗില്‍ അവ്യക്തതയുണ്ടെന്ന് സതീശന്‍ പറഞ്ഞു.

അടിയന്തരപ്രമേയത്തിന്‍റെ കാര്യത്തിലും എംഎല്‍എമാര്‍ക്കെതിരായ കേസ് പിന്‍വലിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകാത്ത സാഹചര്യത്തില്‍ സഭാനടപടികളുമായി സഹകരിച്ചുപോകാന്‍ ബുദ്ധിമുട്ടാണെന്നും സതീശന്‍ കൂട്ടിച്ചേർത്തു.