സ്ത്രീ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയുമില്ല, മറിച്ചുള്ള പ്രചാരണം നല്ല പ്രവണതയല്ല: മുഖ്യമന്ത്രി
Thursday, March 23, 2023 6:23 PM IST
തിരുവനന്തപുരം: സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പുലർത്താത്ത സംസ്ഥാനമാണു കേരളമെന്നും ഇതുതന്നെയാണു സർക്കാരിന്റെ സമീപനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ഒറ്റപ്പെട്ട ചില സംഭവങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരല്ല എന്ന നിലയിൽ പ്രചാരണം നടത്തുന്നതു നല്ല പ്രവണതയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ നടക്കുന്ന കുറ്റകൃത്യങ്ങളെ അതീവ ഗൗരവത്തോടെയാണു സർക്കാർ പരിഗണിക്കുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
അതിൽ ഉൾപ്പെടുന്ന കുറ്റവാളികൾ എത്ര ഉന്നതരായാലും നിയമത്തിനുമുന്നിൽ എത്തിക്കുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങൾ പരിശോധിച്ചാൽ ആർക്കും ഇതു മനസിലാക്കാം.
സംസ്ഥാനത്തു പോലീസിനു പുറമേ വനിതാ ശിശുവികസന വകുപ്പ്, ബാലാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ, സാമൂഹ്യനീതി വകുപ്പ് തുടങ്ങിയവ വഴി വനിതകളുടെ സുരക്ഷിതത്വവും ക്ഷേമവും മുൻനിർത്തി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നുണ്ട്.
ഗാർഹിക പീഢന നിരോധനം, സ്ത്രീധന നിരോധനം, സുരക്ഷിതമായ ജോലിസ്ഥലം, നിർഭയ പദ്ധതി തുടങ്ങിയവയ്ക്കു പുറമേ പോലീസിന്റെ അപരാജിത ഹെൽപ്പ് ലൈൻ, പോലീസ് സ്റ്റേഷനുകളിലെ വനിതാ ഹെൽപ്പ് ഡെസ്ക്, പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ട്, സൈബർ പോലീസ് സ്റ്റേഷനുകൾ, സെൽഫ് ഡിഫൻസ് ട്രെയിനിംഗ് തുടങ്ങിയ നിരവധി കാര്യങ്ങളും നിലവിലുണ്ട്.
ഇതെല്ലാമുണ്ടെങ്കിലും എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ അവ പരിഹരിക്കുന്നതിനായി ഇവ ഉപയോഗപ്പെടുത്താൻ പലരും തയാറാകുന്നില്ലെന്നതു ഗൗരവമായ കാര്യമാണ്. സ്ത്രീ സുരക്ഷാ നിയമങ്ങൾ സംബന്ധിച്ച അറിവില്ലായ്മയും നീതി ലഭ്യമാക്കുന്നതിന്റെ മാർഗങ്ങളിലുള്ള സങ്കീർണതയും കുടുംബത്തിന്റെ അവസ്ഥയുമൊക്കെയാണ് ഇതിനു കാരണം. ഇതു മാറിയേ തീരൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.