ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കുന്നത് തടയണം; സുപ്രീംകോടതിയില്‍ ഹര്‍ജി
Saturday, March 25, 2023 12:45 PM IST
ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കുന്നത് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. സാമുഹിക പ്രവര്‍ത്തക അഭാ മുരളീധരനാണ് രാഹുല്‍ ഗാന്ധിക്കെതിരായ നടപടി ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.
നിലവില്‍ സംഭവിക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. 2013ലെ ലില്ലി തോമസ് വിധിയില്‍ ഉടനടി അംഗത്വം റദ്ദാക്കണമെന്ന് കോടതി വിധിച്ചിട്ടില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കൊലപാതകം, ബലാത്സംഗം അടക്കമുള്ള ഹീനമായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ അയോഗ്യതാ നടപടികള്‍ മാത്രമേ ഉടനടി നടപ്പാക്കാവൂ. അപകീര്‍ത്തി കേസുകളില്‍ ഇത് നടപ്പാക്കുന്നത് തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധിക്ക് നിരപരാധിത്വം തെളിയിക്കാനുള്ള സമയം വേണം. കീഴ്ക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇത്തരം നടപടികള്‍ എടുക്കുന്നത് ശരിയല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ഏതെങ്കിലും കേസില്‍ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് അപ്പീല്‍ കാലയളവില്‍ അയോഗ്യതയില്ലാതാക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ എട്ട്(നാല്) വകുപ്പ് സുപ്രീം കോടതി എടുത്തുകളഞ്ഞത് 2013ലെ ലില്ലി തോമസിന്റെ പൊതുതാല്പര്യ ഹര്‍ജിയെ തുടര്‍ന്നായിരുന്നു. ഇതോടെ രണ്ട് വര്‍ഷത്തിലധികം ശിക്ഷ ഏറ്റുവാങ്ങുന്ന ജനപ്രതിനിധികള്‍ ശിക്ഷ വിധിച്ച നിമിഷം മുതല്‍ അയോഗ്യരായി മാറി.
ഈ വിധിയുടെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കിയത്.