അമൃത്പാലിന്റെ അനുയായികളെ വിട്ടയച്ചു
Thursday, March 30, 2023 7:26 PM IST
ചണ്ഡിഗഡ്: ഖാലിസ്ഥാൻ വിഘടനവാദി നേതാവും വാരിസ് പഞ്ചാബ് ദേയുടെ തലവനുമായ അമൃത്പാൽ സിംഗിന്റെ അനുയായികളെ വിട്ടയച്ചു. പഞ്ചാബ് പോലീസ് കസ്റ്റഡിയിലെടുത്ത 360 പേരിൽ 348 പേരെയാണ് വിട്ടയച്ചത്. സിഖ് സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് നടപടി.
അതേസമയം ഒളിവിൽ കഴിയുന്ന അമൃത്പാൽ സിംഗിനെ ഇതുവരെ പിടികൂടാനായിട്ടില്ല. തന്നെ അറസ്റ്റ് ചെയ്യാനുള്ള സർക്കാർ നീക്കം സിഖ് സമുദായത്തിനെതിരായ ആക്രമണത്തിന്റെ ഭാഗമാണെന്ന് ഒളിവിലിരിക്കെ പുറത്തുവിട്ട വീഡിയോയിലൂടെ അമൃത്പാൽ പറഞ്ഞിരുന്നു.
അറസ്റ്റിനെ ഭയമില്ലെന്നും ആവശ്യമെങ്കിൽ സർക്കാരിന് വീട്ടിൽ വച്ച് തന്നെ തന്റെ അറസ്റ്റ് രേഖപ്പെടുത്താമായിരുന്നെന്നും സിംഗ് പറഞ്ഞു. ആർക്കും തന്നെ അപായപ്പെടുത്താൻ സാധിക്കില്ല. സിഖ് സമുദായത്തിൽ ഉടലെടുത്ത ഭയം മാറാനായി പൊതുയോഗം നടത്തണമെന്ന് അകാൽ തഖ്ത് നേതാവ് ഹർപ്രീത് സിംഗിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അമൃത്പാൽ സിംഗ് അറിയിച്ചു.