അമൃത്പാൽ സിംഗ് കുരുക്ഷേത്ര വിട്ടിട്ടില്ലെന്ന്; വലവിരിച്ച് പോലീസ്
Saturday, March 25, 2023 4:07 AM IST
ചണ്ഡിഗഡ്: ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗ് കുരുക്ഷേത്ര ജില്ലയിലുണ്ടെന്നു വിവരം ലഭിച്ചതായി ഹരിയാന പോലീസ്. അമൃത്പാലിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആകുന്നതിനുമുന്പ് അവസാന ടവർ ലൊക്കേഷൻ കുരുക്ഷേത്രയിലാണു കാണിച്ചതെന്നു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അമൃത്പാലിന്റെ കൂട്ടാളി പാപൽപ്രീത് സിംഗും ഒളിവിലാണ്.
ഇരുവർക്കും അഭയം നല്കിയതിന് കുരുക്ഷേത്രയിലെ ഷാഹാബാദിൽനിന്ന് ബൽജിത് കൗർ എന്ന സ്ത്രീയെ കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു. ഞായറാഴ്ചയാണ് സ്വന്തം വീട്ടിൽ അമൃത്പാൽ സിംഗിനും കൂട്ടാളിക്കും ബൽജിത് കൗർ ഒളിയിടമൊരുക്കിയത്. ഇവരെ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു.
വ്യാഴാഴ്ച അമൃത്പാലിനെപ്പോലൊരാളെ ഷാഹാബാദിൽ സിസിടിവി ദൃശ്യങ്ങളിൽ പോലീസ് കണ്ടതായി വിവരമുണ്ട്. ഇതിനുമുന്പ് മാർച്ച് 20ന് ഷാഹാബാദ് ബസ് സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങളിലും അമൃത്പാൽ കുട മറച്ചുപോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്.