ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധി: സതീശന്
Friday, March 31, 2023 12:50 PM IST
തിരുവനന്തപുരം; ദുരിതാശ്വാസഫണ്ട് വകമാറ്റിയ കേസില്‍ ലോകായുക്തയുടേത് വിചിത്രമായ വിധിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. അഴിമതി വിരുദ്ധ സംവിധാനമായ ലോകായുക്തയുടെ വിശ്വാസ്യത തകര്‍ക്കുന്ന വിധിയാണ് വന്നതെന്ന് സതീശന് വിമര്‍ശിച്ചു.
ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടി വിധിയാണിത്. മുഖ്യമന്ത്രിയുടെ അറിവോടുകൂടി കെ.ടി.ജലീലിനെ ഉപയോഗിച്ച് ലോകായുക്തയെ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും സതീശന് ആരോപിച്ചു.
കേസിലെ മുഴുവന്‍ വാദവും പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടതിന് ശേഷമാണ് ഇന്ന് വിധി പ്രഖ്യാപിക്കാന്‍ നിശ്ചയിച്ചത്. ഒരു വര്‍ഷത്തെ കാലതാമസമുണ്ടായതിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
പരാതിക്കാരന് ഹൈക്കോടതിയെ സമീപിച്ചതുകൊണ്ടാണ് ഇപ്പോഴെങ്കിലും വിധി വന്നത്. കേസ് നിലനില്‍ക്കുമോ എന്ന കാര്യം പരിശോധിക്കാനാണ് ഫുള്‍ ബെഞ്ചിന് വിട്ടത്.
2019ല്‍ ജസ്റ്റീസ് പയസ് കുര്യാക്കോസ് ലോകായുക്തയിലുണ്ടായിരുന്ന സമയത്ത് ഇക്കാര്യം ഫുള്‍ ബെഞ്ചിന് വിട്ടതാണ്. ഇത് നിലനില്‍ക്കുന്ന കേസാണെന്ന് വിശാല ബെഞ്ച് തീരുമാനമെടുത്തതാണെന്നും സതീശന് ചൂണ്ടിക്കാട്ടി.
നാല് വര്‍ഷത്തിന് ശേഷം വീണ്ടും ഇത് ഫുള്‍ ബെഞ്ചിന് വിടണമെന്ന തീരുമാനം വിസ്മയകരമാണെന്നും സതീശന് പറഞ്ഞു. ഈ കേസിന്റെ വിധി പേടിച്ചാണ് ലോകായുക്ത ഭേഗഗതി ബില്‍ കൊണ്ടുവന്നത്. എന്നാല്‍ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചില്ല.
ഒന്നുകില്‍ പിണറായി മുഖ്യമന്ത്രി അല്ലാതാകുന്ന കാലം വരെ ഈ വിധി നീണ്ടുപോകും. അല്ലെങ്കില്‍ ഗവര്‍ണറെ അനുനയിപ്പിച്ച് ലോകായുക്ത ബില്ലില്‍ ഒപ്പുവയ്പ്പിക്കും. പിന്നെ മുഖ്യമന്ത്രിക്ക് പേടിക്കേണ്ട കാര്യമില്ലെന്നും സതീശന് പറഞ്ഞു.